Sunday, October 5, 2008
ഭാരതപ്പുഴയുടെ തീരത്ത്...
വൈകീട്ട് ഭാരതപ്പുഴയുടെ തീരത്ത് കാറ്റും കൊണ്ട് ഇരിക്കുമ്പോള്‍ കിരണും എത്തി... കുറെ നേരം തീരത്തെ മണല്‍പരപ്പില്‍ ഇരുന്ന് കഥ പറഞ്ഞു... പിന്നെ മസില് പിടിച്ച് ഇരുന്നിട്ട് കാര്യമില്ലെന്ന് തോന്നി, പുഴയില്‍ ഇറങ്ങി കുളിച്ചു...
കിട്ടുന്ന സമയത്തൊക്കെ ദീപക്കിനെ ആഫ്രിക്കയില്‍ ചെന്നിട്ട് അവന് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ പറഞ്ഞു കളിയാക്കിക്കൊണ്ടിരുന്നു... രാത്രി വൈകുവോളം ഇരുന്ന് കിരണിന്‍റെ ലാപ്ടോപ്പിലെ 'അക്കരെ നിന്നൊരു മാരന്‍' സിനിമ കണ്ടു... പിന്നെ കിടന്നുറങ്ങി... രാവിലത്തെ ഭക്ഷണത്തിന് ശേഷം ഞാനും മുനീസും വടക്കോട്ടും കിരണ്‍ തെക്കോട്ടും സ്വന്തം വീടുകളിലേക്ക് വെച്ച് പിടിച്ചു... ഇനി ദീപക്കിനെ കാണുന്നത് എന്നാണാവോ? നീഗ്രോകള്‍ അവന് നല്ലത് വരുത്തട്ടെ...
Tuesday, September 30, 2008
Day 25
ട്രെയിനില്‍ ഇരിക്കുമ്പോള്‍ അനൂജിന്റെ മെസ്സേജ് വന്നു... അവന്‍ ജോലിയില്‍ കയറാന്‍ പോകുന്നു... നിനക്കെന്നും ഒരു ജോലി ഉണ്ടാകട്ടെ... നിന്‍റെ ജോലി മറ്റുള്ളവര്‍ക്ക് ഒരു ജോലി ആകാതിരിക്കട്ടെ എന്ന് ആശംസിച്ചു മറുപടി കൊടുത്തു...
റൂമിലെത്തി ഡ്രസ്സ് മാറി ഓഫീസിലേക്ക് നടന്നു... നല്ല വെയില്‍ ആയതുകൊണ്ട് ഒരു ഓട്ടോ പിടിച്ചു... നേരെ കമ്പനിയുടെ മുന്നില്‍ വന്നിറങ്ങി... അവന്‍ മുപ്പതു രൂപ ചോദിച്ചു... അഹങ്കാരം, നാട്ടിലുള്ളതിന്റെ മൂന്നിരട്ടി... വേണേല്‍ ഇരുപത്തഞ്ചു തരാമെന്നു ഞാന്‍... എന്നാ എനിക്ക് വേണ്ട എന്നും പറഞ്ഞു അവന്‍ ഓട്ടോ തിരിച്ചു... സത്യം പറയാമല്ലോ അത് ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല... അവന്‍ കുറച്ചു ദൂരം മുന്നോട്ടു പോയി ഓട്ടോ നിര്‍ത്തി എന്നെ നോക്കി... ഞാന്‍ നടന്നു ചെന്നു മുപ്പതു രൂപ തന്നെ കൊടുക്കുമെന്ന് കരുതിക്കാണും... ഞാന്‍ നേരെ പഴ്സ് കീശയിലിട്ടു കമ്പനിയുടെ ഉള്ളിലേക്ക് നടന്നു... അതവനും പ്രതീക്ഷിച്ചു കാണില്ല... ഇവനൊക്കെ "നാന്‍ ഓട്ടോക്കാരന്‍, ഓട്ടോക്കാരന്‍... ന്യായമുള്ള റേറ്റ്ക്കാരന്‍" എന്നൊക്കെ പാടുമെങ്കിലും മേടിക്കുന്നത് കഴുത്തറപ്പന്‍ കൂലി തന്നെ... ഞാന്‍ ആ ഇരുപത്തഞ്ചു രൂപകൊടുത്ത് ഒരു ജൂസ് കുടിച്ചു...
ഇന്നു ഉച്ചക്ക് റൂമില്‍ നിന്നു ഇറങ്ങിയപ്പോള്‍ ഓട്ടോ സ്റ്റാണ്ടിനടുത്തു വെച്ച് അവര്‍ എന്നെ പിടികൂടുന്നതും തെറി പറഞ്ഞും കഴുത്തിന് പിടിച്ചും എന്‍റെ കയ്യില്‍ നിന്നും കാശ് വാങ്ങുന്നതും ഞാന്‍ മനസ്സില്‍ കണ്ടു... ഇന്നലെ പാടിയ പാട്ടിന്റെ ബാക്കി പോലെ അവന്മാര്‍ കമ്പെടുത്ത് വേട്ടക്കാരന്മാര്‍ ആവുമോ എന്ന് ചെറിയ ഒരു സംശയം... അങ്ങനെ സംഭവിച്ചാല്‍ പറയാന്‍ രണ്ടു സിനിമ സ്റ്റൈല്‍ ഡയലോഗ് ഞാന്‍ മനസ്സില്‍ പറഞ്ഞു... അടിപൊട്ടിയാല്‍ തൊട്ടടുത്ത പോലീസ് ചെക്പോസ്ടിലെക്ക് ഒടാമെന്നും... നടന്നു ഓട്ടോ സ്റ്റാണ്ടിനടുത്തെത്തിയപ്പോള്‍ ഞാന്‍ ഇടംകണ്ണിട്ടു നോക്കി... അവന്‍ അവിടെ ഇല്ല... അവിടെ ഉള്ള മറ്റുള്ളവന്മാരെ മൈന്‍ഡ് ചെയ്യാതെ ഞാന്‍ വേഗത്തില്‍ നടന്നു പോന്നു...
Sunday, September 28, 2008
Day 24
രാത്രി ഇരുന്ന് കുറച്ചു ബ്ലോഗ് വായിച്ചു... ഒരു കമന്റ് യുദ്ധം നടത്തി... പിന്നെ അത് വേണ്ടിയിരുന്നില്ലെന്നും വേണമായിരുന്നെന്നും തോന്നി... എല്ലാവരെയും അവരവരുടെ വിശ്വാസങ്ങളില്‍ ജീവിക്കാന്‍ വിടണമെന്നും അതല്ല സ്വന്തം അഭിപ്രായങ്ങള്‍ അതിനെതിരാണെങ്കിലും അല്ലെങ്കിലും അത് പ്രകടിപ്പിക്കണം എന്നും തോന്നി... മനസ്സില്‍ ഉണ്ടായ അടിപിടിയില്‍ രണ്ടാമത്തേത് ജയിച്ചു... പിന്നെ ഉറങ്ങി...
രാവിലെ എണീറ്റ് ഏട്ടന് വേണ്ടി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വീട്ടില്‍ ആശാരിയെയും കൂട്ടി പോയി... മുന്‍വശത്തെ വാതിലില്‍ മണിച്ചിത്രപൂട്ട് പിടിപ്പിക്കാന്‍... മൂപ്പരെ സഹായിച്ചും ചായയും ചോറും മേടിച്ചു കൊടുത്തും ഇന്നത്തെ ദിവസമങ്ങട് പോയി...
Saturday, September 27, 2008
Day 23
ചെറുപ്പം മുതലേ എനിക്കുണ്ടായിരുന്ന ഒരു സംശയം ഞാന്‍ അവിടെ വച്ചു തീര്‍ത്തു...
"നിങ്ങളുടെ മുടി നിങ്ങള്‍ തന്നെ ആണോ വെട്ടാറ്?"
"ഏയ്, ഞങ്ങളുടെ അസോസിയേഷനിലെ വേറെ ആരുടേലും കടയില്‍ പോകും... കാശൊന്നും കൊടുക്കേണ്ട കാര്യം ഇല്ല"... പൊട്ടത്തരം ആണ് ചോദിച്ചതെങ്കിലും സംശയം തീര്‍ന്നപ്പോള്‍ സമാധാനം ആയി...
ഫയര്‍ ഫോഴ്സുകാരന്‍ പ്രദീപ് ട്രെയിനിംഗ് കഴിഞ്ഞു നാട്ടില്‍ വന്നിട്ടുണ്ട്... കൊല്ലത്തെവിടെയോ ആണ് അവന്‍റെ പോസ്റ്റിങ്ങ്... അവനെ പോയി കാണണം... അനൂജിന്‍റെ വെബ് ഡിസൈനിംഗ് സംരംഭത്തിന് പറ്റിയ പേരുകള്‍ നിര്‍ദേശിക്കുകയും... സംസ്കൃതവും ഇംഗ്ലീഷും ചേര്‍ന്ന കുറെ പേരുകള്‍ മനസ്സിലുണ്ട്.. അവന്‍ ചേച്ചിയുടെ അടുത്ത് ആശുപത്രിയിലാണ്... അവനെ അമ്മാവാ എന്ന് വിളിക്കാന്‍ ഒരു കൊച്ചു പെണ്‍കുട്ടി കൂടി ഉണ്ടായിരിക്കുന്നു...
Friday, September 26, 2008
Day 22
കുളിച്ച് ഇന്നലെ പായ്ക്ക് ചെയ്തു വച്ച ബാഗും എടുത്ത് പുറത്തിറങ്ങി...രണ്ടു ദിവസമായി തകര്‍പ്പന്‍ പണി ആയിരുന്നു... ബ്ലോഗ് അവിടെത്തന്നെ ഉണ്ടോന്നു പോലും നോക്കാന്‍ ഒത്തില്ല. ഇന്നേതായാലും നേരത്തെ തന്നെ മുങ്ങി നാട്ടിലേക്ക് പോകും... ഉച്ചത്തെ ട്രെയിനിന്... നാട്ടില്‍ ചെന്ന ശേഷം ചെയ്യേണ്ട മുടി വെട്ടിക്കല്‍ മുതല്‍ തിരിച്ചു വരാന്‍ ടിക്കറ്റ് എടുക്കുന്നത് വരെ ഉള്ള ഓരോ കാര്യങ്ങള്‍ മനസ്സിലിട്ടു കറക്കി...
ഇന്നു വഴിയരികിലെ അമ്പലത്തില്‍ വേറെ ഏതോ കീര്‍ത്തനമാണ്... തമിഴായത് കൊണ്ട് ആലോചിച്ചു കഷ്ടപ്പെടേണ്ട കാര്യവും ഇല്ല... അത് ദൂരെയെങ്ങോ പോയി പ്രതിധ്വനിച്ച് എന്‍റെ വലത്തേ ചെവിട്ടില്‍ എത്തുന്നു... ആകാശം രണ്ടു ഭാഗങ്ങളായി കിടക്കുന്നു... ഒരു കടപ്പുറം പോലെ തോന്നി...ഒരു ഭാഗം നല്ല നീല... മറ്റേ ഭാഗം മേഘങ്ങളുടെ കൂട്ടം....
Tuesday, September 23, 2008
Day 21
4:30 pm
ഓഫീസില്‍ നിന്നും ഇറങ്ങി സഹമുറിയന്റെ കൂടെ റൂമിലേക്ക് നടന്നു... അവന്‍ പ്രൊജെക്ടില്‍ നിന്നും റിലീസ് ആയി... ഇനി ബെഞ്ചമിന്‍ ആയി ബെഞ്ചിലേക്ക്... എപ്പോ വേണമെങ്കിലും ഇറങ്ങി പോരാം... റൂമിലെത്തിയ എന്നെ പുട്ട് വാങ്ങിത്തരാം എന്ന പ്രലോഭനത്തില്‍ വീഴ്ത്തി സഹമുറിയന്‍ എന്നെയും കൂട്ടി ടൌണിലെ ഓള്‍ഡ് ബുക്സിലെക്ക് തെറിച്ചു... അവന് C++ ബുക്ക് വാങ്ങിക്കാന്‍...
വളരെ വലിയൊരു കളക്ഷന്‍ ആണ് ഇവിടത്തെ ഓള്‍ഡ് ബുക്സ്... കാലുകുത്തേണ്ട താമസം അന്ചെട്ടുപേര്‍ ഓടി വന്നു ഏത് ബുക്കാണ് വേണ്ടതെന്ന് ചോദിച്ചു പുറകെ കൂടും.. ബുക്ക് തിരഞ്ഞു നടക്കുമ്പോള്‍ എന്‍ജിനീയറിങ്ങിനു പഠിച്ച മിക്കവാറും എല്ലാ ബുക്കുകളും എന്നെ നോക്കി ചിരിക്കുന്നത് ഞാന്‍ കണ്ടു... കുറെ ഓര്‍മ്മകള്‍ എന്നെ പൊതിഞ്ഞു... എന്നെ രക്ഷിച്ച ആ പുസ്തകങ്ങളെ അവിടെ നിന്നും രക്ഷിക്കാന്‍ എനിക്ക് തോന്നി...
7:00 pm
ബുക്കുകള്‍ വാങ്ങിയ ശേഷം ടൌണിലെ പുട്ട് കിട്ടുന്ന ഹോട്ടെലിനെ ലക്ഷ്യമാക്കി നടന്നു... സഹമുറിയന് അവന്‍ അന്വേഷിച്ച ബുക്ക് തന്നെ കിട്ടി... ഞാന്‍ 'കൈറ്റ് റണ്ണറും' 'മോട്ടോര്‍സൈക്കിള്‍ ഡയറീസും' വാങ്ങിച്ചു... പൊറോട്ടയും സ്ടൂവും പുട്ടും കടലയും കഴിച്ച് റൂമിലേക്ക് തിരിച്ചു പിടിച്ചു...
6:40 am
ഓഫീസിലേക്കുള്ള ഊടുവഴിയിലെ അമ്പലത്തില്‍ കീര്‍ത്തനങ്ങള്‍ സ്പീക്കെറില്‍ പാടിക്കാന്‍ തുടങ്ങിയിരിക്കുന്നു... വലിയ ക്ഷേത്രമോന്നും അല്ല... ഒരു ചെറിയ കോവില്‍ മാത്രം... 'വെങ്കിടേശ്വര സുപ്രഭാതം' ആയിരുന്നു ഇന്നു പാടിക്കൊണ്ടിരുന്നത്...
Monday, September 22, 2008
Day 20
വാരാന്ത്യം മൊത്തം ഏകാന്തത. രണ്ടു ദിവസം മുഴുവന്‍ റൂമില്‍ തന്നെ... സഹമുറിയനും ബ്രദര്‍ സഹമുറിയനും നാട്ടിലേക്ക് രക്ഷപ്പെട്ടിരിക്കുന്നു... ചില സമയങ്ങളില്‍ എകാന്തതയെക്കാള്‍ രസമുള്ള വേറെ ഒന്നില്ല... പക്ഷെ വേണ്ടാന്നു വിചാരിക്കുമ്പോള്‍ കുറച്ച് ഏകാന്തത കൊണ്ടു തന്നാല്‍ അതില്‍പരം വൃത്തികേട് വേറൊന്നില്ല... കുറെ നല്ല ഇംഗ്ലീഷ് സിനിമകള്‍ കണ്ടതും പാചകം ചെയ്തതും റൂം വൃത്തിയാക്കിയതും അല്ലാതെ ഗുണമുള്ള വേറൊന്നും ഉണ്ടായില്ല... പാചകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്‍റെ സംശയത്തിന് വരെ ഭയങ്കര ബലമാണെന്നു തോന്നി... ഗ്യാസ് തീരാറായിരിക്കുന്നു...വെള്ളത്തിന്‍റെ ടംബ്ലെര്‍ വാങ്ങിക്കാന്‍ തുടങ്ങി...
ശനിയാഴ്ച കുറച്ച് മദ്യസേവ ആവാമെന്ന് വിചാരിച്ചു... പിന്നെ കണ്ട്രോള്‍ ഉനെട്ന്നു കാണിക്കാന്‍ വേണ്ടെന്നു വച്ചു... എങ്കിലും പച്ചക്കറി വാങ്ങാന്‍ പോയപ്പോള്‍ കാന്തികബലതെപ്പോലെയോ ഗുരുത്വാകര്‍ഷണബലത്തെപ്പോലെയോ വിശേഷിപ്പിക്കാവുന്ന ഒരു മദ്യബലം, എന്നെ വൈന്‍ ഷോപ്പിന്‍റെ പടിയിലേക്ക് വലിച്ചടുപ്പിച്ചു... എന്‍റെ കണ്ട്രോളിന്റെ ഭാഗ്യം കൊണ്ട് അന്നവിടെ വോഡ്ക ഉണ്ടായിരുന്നില്ല...
വെള്ളത്തിന്‍റെ ടംബ്ലെര്‍ വാങ്ങിച്ചത് ഞായറാഴ്ച ഇരുന്ന് ആഘോഷിച്ചു... ഇടക്കിടക്ക് പോയി വെള്ളം കുടിച്ചു... ചായ കുടിക്കാന്‍ കേറിയ മലയാളി കടയില്‍ അവിടെ നിന്നു തന്നെ കിട്ടിയ കീറിയ പത്തു രൂപ കൊടുത്തു... അവന്‍ ഞാന്‍ കള്ളം പറയുകയാണെന്ന് പറഞ്ഞപ്പോള്‍ ദേഷ്യം അഭിനയിച്ച് ഇരുപതു രൂപ ഇട്ടുകൊടുത്ത് ഇറങ്ങി... തലേന്ന് അവന്‍ ആ നോട്ട് എനിക്ക് തന്നപ്പോള്‍ ഞാന്‍ ശ്രദ്ധിക്കേണ്ടാതായിരുന്നു... കുറ്റം എന്റെത് തന്നെ... ചെക്കന്‍ വേണ്ടാന്ന് പറഞ്ഞു പുറകെ വന്നെങ്കിലും ഞാന്‍ വാങ്ങിച്ചില്ല... ഒരു ചായകുടിക്കാരനെ നഷ്ടപ്പെടും എന്ന തോന്നലായിരിക്കും അവന്...
6:10 am
കസര്‍ത്തിനു ശേഷം കുളിക്കാന്‍ കേറി... കയ്യില്‍ നിന്നും വഴുതി ക്ലോസെറ്റിലേക്ക് ഡൈവ് ചെയ്ത സോപ്പിനെ അതിഭയങ്കരമായ റിഫ്ലെക്സോടെ ചാടിപ്പിടിച്ചു... കുളിക്കുമ്പോള്‍ വേറെ ആരെയും കൂടെ കൂട്ടാത്തതുകൊണ്ട് ആരും കണ്ടില്ല... ഞാന്‍ എന്നെ നോക്കി മനസ്സില്‍ കയ്യടിച്ചു... ഫോട്ടോയും എടുത്തു...
7:00 am
നടന്നു ഓഫീസില്‍ എത്താറായപ്പോള്‍, മൂന്നു മൈനകളെ കണ്ടു... മൂന്നു മൈനകളെ കണ്ടാല്‍ പലഹാരം കിട്ടുമെന്ന് ചെറുപ്പത്തില്‍ ബിജി പറയുമായിരുന്നു... മൈനശാസ്ത്രത്തില്‍ പണ്ടേ വിശ്വാസം ഇല്ലെങ്കിലും പലഹാരം പ്രതീക്ഷിച്ചു ഇരിക്കല്‍ ഒരു എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ്...
Friday, September 19, 2008
Day 19
4:30 pm
ഓഫീസില്‍ നിന്നു ഇറങ്ങുമ്പോള്‍ ഫുഡ് കോര്‍ട്ടില്‍ ഒരു സെമിനാര്‍ നടക്കുന്നത് കണ്ടു... സെമിനാര്‍ ഓണ്‍ പോസിറ്റീവ് തിങ്കിംഗ്... നമുക്ക് പിന്നെ പോസിറ്റീവ് തിങ്കിംഗ് ആദ്യമേ ഉള്ളതുകൊണ്ട് കേറണ്ട എന്ന് തീരുമാനിച്ചു... കൂടെ ഉള്ള ഒരുത്തന്‍ പറഞ്ഞു ഒരു മദാമ്മയാണ് സെമിനാരിക്കുന്നതെന്ന്... അത് കേട്ടപ്പോള്‍ പോകാമായിരുന്നു എന്ന് തോന്നി... അതൊരു നെഗറ്റീവ് തിങ്കിംഗ് ആയതുകൊണ്ട് ചിന്തയെ പുറത്തു വിട്ടില്ല...
7:30 pm
റൂമിലെത്തി നോവല്‍ വായിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അറിയാതെ ഉറങ്ങിപ്പോയി... എഴുന്നേറ്റു ടീ.വി വെച്ചു... ഒരു റിയാലിറ്റി ഷോയില്‍ എല്ലാവരും ഇരുന്നു കരയുന്നു... ഒരു അന്ധനായ ആളാണ് പാടിയത്... അവതാരകയും ജഡ്ജസും എല്ലാവരും കരയുന്നു... ആദ്യം ഒരുമാതിരി പുച്ഛം ആണ് തോന്നിയത്... ഈ കരയുന്നവര്‍ റോഡിലോ ട്രെയിനിലോ ഇതിലും പരിതാപകരമായി ആരെയെങ്കിലും കണ്ടാല്‍ മുഖം തിരിക്കുകയല്ലേ ഉള്ളൂ എന്ന് ആലോചിച്ചിട്ട്... പിന്നെ തോന്നി അവരെ കരയിപ്പിച്ചത് സംഗീതത്തിന്‍റെ കഴിവായിരിക്കുമെന്ന്... ചെലപ്പോ അഭിനയം ആയിരിക്കും... ചെലപ്പോ കാര്യമായിട്ടും... ആര്‍ക്കറിയാം..
6:45 am
രാവിലെ ഓഫീസിലേക്ക് നടക്കുമ്പോള്‍ വഴിയിലുള്ള ചെറിയ അമ്പലത്തിന്‍റെ അടുത്ത് വെച്ച് ദാസപ്പന്‍റെ ഡ്യൂപ്പിനെ വീണ്ടും കണ്ടു... അതെന്നെ നോക്കി കുരച്ചു... "നീയെന്നെക്കുറിച്ച് ബ്ലോഗില്‍ എഴുത്തും അല്ലേടാ പരട്ട മനുഷ്യന്‍റെ മോനേ..." എന്നായിരിക്കും...
Thursday, September 18, 2008
Day 18
സഹമുറിയന് കപ്പ തിന്നാന്‍ അടക്കാനാവാത്ത മോഹം... വാങ്ങിക്കാന്‍ പുറത്തിറങ്ങി... സഹമുറിയന്‍ പറഞ്ഞു
"കപ്പ എന്ന് തന്നെ ചോദിച്ചാ മതി... പൂള എന്നത് ഇവിടെ തെറിയാ..."
ഒരു പച്ചക്കറി കടയില്‍ കേറി ചോദിച്ചു.... ഇല്ല... തൊട്ടടുത്ത വേറെ കടയില്‍ ചോദിച്ചു...
"കപ്പ മട്ട്രും വാങ്ങി വെക്ക മറന്തുട്ട... നാളേക്ക് കണ്ടിപ്പാ ഇറുക്കും... അന്ത കടയില്‍ പോകാതീങ്കെ... " ...
പോടാ, കപ്പ ഇല്ലേല്‍ അത് പറഞ്ഞാ മതി... ഞങ്ങള്‍ ഏത് കടയില്‍ പോകണമെന്നു ഞങ്ങള്‍ തീരുമാനിക്കും എന്ന് മനസ്സില്‍ പറഞ്ഞ് അവിടുന്നും ചലേ ചലോ... കപ്പ കിട്ടിയില്ല... പകരം സഹമുറിയന് ഇഷ്ടപ്പെട്ട ചെറുപയര്‍ മെഴുക്കുപുരട്ടി ഉണ്ടാക്കാന്‍ വേണ്ട സാമഗ്രികളും തക്കാളിയും മുളകും മേടിച്ചു.... റൂമിലെത്തി സമൃദ്ധമായി ഒരു അത്താഴം വെച്ചുണ്ടാക്കി കഴിച്ചു.... ബ്രദര്‍ സഹമുറിയന്‍ പണികഴിഞ്ഞു എത്തുന്ന വരെ സിനിമ കണ്ടു... പിന്നെ കിടന്നുറങ്ങി...
6:00 am
എഴുന്നേറ്റു... സ്വപ്‌നങ്ങള്‍ ഒന്നും കണ്ടില്ല... വല്ലാത്ത നഷ്ടബോധം... ഒരു സ്വപ്നമെങ്കിലും ആകാമായിരുന്നു... ഇന്നലത്തേതിന്‍റെ തുടര്‍ച്ചയെങ്കിലും... ഷിഫ്റ്റ് പ്രകാരം ഇപ്പൊ ഓഫീസില്‍ എത്തേണ്ടതാ.. അഹമ്മതി എന്നല്ലാതെ ഇതിനൊക്കെ എന്താ പറയുക...കുളിച്ച് പുറപ്പെട്ടു ഓഫീസിലേക്ക് പോകും വഴി കുഞ്ഞിക്കാലുകളുള്ള ഒരു നീളന്‍ നായയെ കണ്ടു... കാല് വളരെ ചെറുതായത് കൊണ്ട് വയര്‍ നിലത്തു തൊടുമെന്ന് തോന്നും... ഞങ്ങള്‍ 'ദാസപ്പന്‍' എന്ന് വിളിക്കാറുള്ള ബിജുവേട്ടന്‍റെ നായയെ ഓര്‍മ്മ വന്നു... ഇവന് ദാസപ്പനെക്കാള്‍ മാസിലുണ്ട്...
7:00 am
ഓഫീസിലെത്തി ചായയെടുത്ത് നടന്നു... ലിഫ്റ്റ് ഒഴിഞ്ഞു കിടക്കുന്നത് കണ്ടപ്പോള്‍ സഹിച്ചില്ല... കുറെ കാലത്തിനു ശേഷം ലിഫ്റ്റില്‍ കയറി... തെറ്റായ ഫ്ലോറില്‍ ചാടിയിറങ്ങി... ജാള്യതയെ ഓടിതോല്‍പിച്ച് വീണ്ടും ലിഫ്റ്റില്‍... സീറ്റിലെത്തി നേരത്തെ വന്ന സഹപ്രവര്‍ത്തകര്‍ക്ക് ഒരു നമസ്കാരവും കൊടുത്ത് കമ്പനിയെ പറ്റിക്കാന്‍ തുടങ്ങി....
Wednesday, September 17, 2008
Day 17
6:15 am
"വൈല്‍ഡ് വൈല്‍ഡ് വെസ്റ്റ്" സ്റ്റൈലില്‍ ഞാനെന്തോ അതിസാഹസികമായി തോപ്പിയെല്ലാം വെച്ച് ചെയ്യുകയും തുടര്‍ന്ന് ചത്തു പോകുകയും ചെയ്തു... ഒരു സുന്ദരി പെണ്ണും ചുറ്റും കുറെ കൌബോയ് മനുഷ്യരും... പെണ്ണ് എന്‍റെ തല അവളുടെ മടിയില്‍ വെച്ച് എന്‍റെ മുഖത്ത് നോക്കി കരയുന്നു... ചത്തു കഴിഞ്ഞ എന്‍റെ മനസ്സു എന്തോ വൃത്തികെട്ട കാര്യം ചിന്തിക്കുന്നു... ചുറ്റും നിന്ന കൌബോയ് ചേട്ടന്മാര്‍ തൊപ്പി ഊരുന്നു... ഇത്രയും ആയപ്പോള്‍ അലാറം അടിച്ചു... ചത്തു പോകാന്‍ മാത്രം എന്താണ് ഞാന്‍ ചെയ്തതെന്നോ... ഞാന്‍ എങ്ങനെ കൌബോയ് ആയെന്നോ... അതിലുപരി ആ പെണ്‍കുട്ടിക്ക് എന്‍റെ ക്ലാസ്സിലുണ്ടായിരുന്ന ആരുടെയെങ്കിലും ഛായ ഉണ്ടെന്നോ എത്ര ആലോചിച്ചിട്ടും കിട്ടിയില്ല... അവിടവിടെ മങ്ങിയ ചില സീനുകള്‍ മാത്രം ഓര്‍മ്മവരുന്നു... പോട്ട് പുല്ലെന്ന് പറഞ്ഞ്, പോയി പല്ലു തേച്ചു...
7:00 am
പുറത്തിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോള്‍ അടുത്തുള്ള പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പണിക്കാര്‍ പുതുതായി ഉണ്ടാക്കിയ ഓലപ്പുരകള്‍ കണ്ടു... അവിടത്തെ പണി കഴിയുന്ന വരെ താല്‍കാലികമായി താമസിക്കാന്‍... കുറച്ച് പേര്‍ എവിടുന്നോ വെള്ളം പിടിച്ചുകൊണ്ട് വരുന്നു... അടുത്തുള്ള സ്കൂളില്‍ പുലര്‍ച്ചെ പ്രാക്ടീസ് ചെയ്യാറുള്ള കരാട്ടെ കുട്ടന്മാരെ ഇന്നു കാണാനില്ല... പിന്‍ഭാഗത്തെ മൈതാനത്തില്‍ ഇന്നും കുറെ പേര്‍ ഷട്ടില്‍ കളിക്കുന്നു... ഞാന്‍ ഇനി എന്നാണാവോ ഷട്ടിലൊക്കെ ഒന്നു കളിക്കുന്നെ... "മിണ്ടാതെ പോയി പണിയെടുക്കെടാ..." എന്ന് സ്വയം ആജ്ഞാപിച്ച് ഓഫീസിലേക്ക് തെറിച്ചു...
Tuesday, September 16, 2008
Day 16
5:20 am
രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു... പക്ഷെ പോകാന്‍ തോന്നുന്നില്ല... അഞ്ചു ദിവസം നാട്ടിലിരുന്നു കഴിഞ്ഞുപോയത് അറിഞ്ഞേ ഇല്ല... ആറരയോടെ ബാഗും തൂക്കി ബസ്റ്റോപ്പിലേക്ക് നടന്നു... മഴ ഇപ്പൊ പെയ്യും എന്ന് തോന്നി... നല്ല തണുപ്പും... റോഡിലെതിയതും ബസ് കിട്ടി... പാലം കടക്കുമ്പോള്‍ കണ്ടു പുഴ കുത്തി ഒലിക്കുന്നത്... പാലത്തിന്‍റെ അടുത്ത് മാത്രമെ ഉള്ളൂ.. ഇന്നലെ ഫോട്ടോ എടുക്കാന്‍ കടവില്‍ വന്നപ്പോള്‍ അത്രക്ക് ഉണ്ടായിരുന്നില്ല... മഴ പെയ്തു തുടങ്ങി... കുറച്ചു തുള്ളികള്‍ എന്‍റെ കയ്യിന്‍റെ മുകളില്‍ വീണു... തണുത്ത് രോമങ്ങള്‍ എഴുന്നേറ്റു നിന്നു... ഇപ്പൊ ബസ്സില്‍ നിന്നു ഇറങ്ങി ഈ മഴ മുഴുവന്‍ കൊണ്ടാല്‍ നിനക്ക് ഒരാഴ്ചത്തേക്ക് കൂടി ലീവ് തരാം എന്ന് ആരേലും പറഞ്ഞാല്‍ അത്രക്കും സന്തോഷം വേറെ ഒന്നിനും ഉണ്ടാവില്ലെന്ന് തോന്നി...
8:15 am
ട്രെയിനില്‍ തിരക്ക് കുറവായിരുന്നെങ്കിലും സീറ്റിനുള്ള ഭാഗ്യം ഇല്ല... നേരെ മുകളിലത്തെ തട്ടില്‍ കയറി നോവല്‍ എടുത്ത് വായിക്കാന്‍ തുടങ്ങി... കുറച്ചു കഴിഞ്ഞു സീറ്റ് ഒഴിഞ്ഞപ്പോള്‍ താഴേക്ക് ചാടി... ഒരു ചെറിയ പെണ്‍കുട്ടിയും അവളെക്കാള്‍ ചെറിയ അനിയനും നോവലില്‍ നിന്നും തല പുറത്തിടാന്‍ കാരണമായി... പെണ്കുട്ടി എല്ലാറ്റിനും അച്ഛനെയും അമ്മയെയും അമ്മൂമ്മയെയും ശാസിക്കുന്നു... ചെറിയവന്‍ കളിപ്പാട്ടക്കാരനെ കണ്ട് അത് കിട്ടാന്‍ അച്ഛനോട് വാശി പിടിക്കുന്നു... എന്‍റെ ചിന്ത അപ്പോഴും ക്യാമറ എടുക്കാമായിരുന്നു എന്നും...
11:45 pm
അടുത്ത് വന്നിരുന്ന ഒരു വയസ്സായ ആള്‍ സാഹസികമായി ഞാന്‍ വായിക്കുന്ന നോവല്‍ ഏതെന്ന് മനസ്സിലാക്കിയെന്നു തോന്നുന്നു... "വി.കെ.എന്നിന്‍റെ വീടെവിടാണെന്ന് അറിയാമോ ?"... എനിക്കറിയില്ല.. അറിഞ്ഞിട്ട പ്രത്യേകിച്ച് കാര്യവും ഇല്ല... ഞാന്‍ എന്‍റെ അജ്ഞത തലയാട്ടി കാണിച്ചു.... "തിരുവില്ലാമല... ദാ ആ കാണുന്ന മലക്ക് അപ്പുറത്ത്"... മൂപ്പര്‍ ചൂണ്ടിക്കാണിച്ചു... ഞാന്‍ പിന്നെ ചെറിയ രീതിയില്‍ കുശലം അന്വേഷിച്ചു... മൂപ്പര്‍ സംസാരപ്രിയന്‍ അല്ലെന്നു കണ്ടപ്പോള്‍ വെറുതെ വിട്ടു....
2:20 pm
റൂമിലെത്തി, മുഖം കഴുകി ഡ്രസ്സ് മാറി... ടീമിലുള്ളവര്‍ക്ക് വേണ്ടി കൊണ്ട് വന്ന വറുത്തകായയും ശര്‍ക്കര ഉപ്പേരിയും എടുത്ത് കമ്പനിയിലേക്ക് വെച്ചുപിടിച്ചു...
Monday, September 15, 2008
Day 15
8:00 am
രാവിലെ പല്ലുതേച്ചുകൊണ്ടിരുന്നപ്പോഴാണ് കമ്പനിയിലെ ഞങ്ങളുടെ ഡൊമൈന്‍ മാസികയിലേക്ക് ഞാന്‍ എഴുതിക്കൊടുക്കാമെന്നേറ്റ ആര്‍ടിക്കിളിന്റെ കാര്യം ഓര്‍മ്മ വന്നത്... അപ്പൊ പുലര്‍ച്ചെ എഡിറ്റര്‍ പെണ്ണിന്റെ മിസ് കാള്‍ വന്നത് വെറുതെ അല്ല... എന്‍റെ മൂന്നാമത്തെ ആര്ട്ടിക്കിള്‍ ആണ്... പ്രൊജെക്ടില് ചെയ്യുന്ന പണികളെ തമാശ രൂപത്തില്‍ എഴുതി ഉണ്ടാക്കിയപ്പോ പലര്‍ക്കും ഇഷ്ടമായി... അങ്ങനെ മൂന്നാമത്തേതില്‍ എത്തിയിരിക്കുന്നു... കഴിഞ്ഞ ആഴ്ച ചെയ്ത ഒരു പണി ഒരു സിനിമാ കഥ പോലെ എഴുതി ഉണ്ടാക്കി പെണ്ണിന് അയച്ചു കൊടുത്തു.... എന്‍റെ വയറ്റിലെത്താനുള്ള പുട്ടിന്‍റെ അടങ്ങാത്ത ആവേശം മനസ്സിലാക്കി താഴേക്ക് ഇറങ്ങി ചെന്നു അത് സാധിച്ചു കൊടുത്തു...
10:30 am
ടൌണില്‍ പോയി... ഓവര്‍ വോള്‍ടേജില്‍ അടിച്ച് പോയ ബാറ്ററി ചാര്‍ജര്‍, വാങ്ങിയപ്പോഴേ വര്‍ക്ക് ചെയ്യുന്നില്ല എന്ന് പറഞ്ഞു മാറ്റി വാങ്ങിച്ചു കൊണ്ട് വന്നു... എന്നെ പറ്റിച്ച അവരെ തിരിച്ച് പറ്റിച്ചതില്‍ ഒരു ചെറിയ സന്തോഷം... അവര്‍ എന്നെ വീണ്ടും പറ്റിച്ചതാണോ... ഹേയ്
4:20 pm
വൈകീട്ട് ക്യാമറയും എടുത്ത് പുഴയുടെ അടുത്തും വയലിലും പിന്നെ വീട്ടിന്‍റെ അടുത്തുള്ള ആള്‍താമസം ഇല്ലാത്ത ഒരു പഴയ തറവാട്ടിലും കയറി ഇറങ്ങി കുറെ ഫോട്ടോസ് എടുത്തു... രണ്ടു തുമ്പികളും ഒരു പൊന്‍മാനും ഒരു തേനീച്ചയും പിന്നെ കുറെ സസ്യജാലങ്ങളും എന്‍റെ ഇരകളായി...
Sunday, September 14, 2008
Day 14
രാവിലെ എണീറ്റത് മുതല്‍ ഒരു സ്റ്റേഷന്‍ കിട്ടാതെ കറങ്ങി നടപ്പായിരുന്നു... നല്ല മഴ പെയ്യുന്നുണ്ട്... ഹരിഹരന്‍റെ കുറച്ച് ഗസലുകളും കേട്ട് കുറെ നേരം ബാല്കെണിയില്‍ ഇരുന്നു... നല്ല രസമുള്ള ഒരു പരിപാടി ആണത്...
3:30 pm
വൈകീട്ട് വാട്ടര്‍ ടാങ്ക് കഴുകുമ്പോഴാണ് വളരെ അടുത്ത ഒരു ബാല്യകാല ഫ്രെണ്ടന്‍ വന്നത്... കുറെ നേരം സംസാരിച്ചിരുന്നു...അവന്‍ വെബ് ഡിസൈന്‍ പരിപാടികളിലൂടെ ഒരു ട്രാക്കില്‍ ഓടി തുടങ്ങിയിരിക്കുന്നു... അവന്‍ പ്രൊജക്റ്റ് ആയി ചെയ്ത ഒരു സൈറ്റ് കാണിച്ചു തന്നു... നന്നായി ചെയ്തിരിക്കുന്നു... അവനെ കുറെ പ്രശംസിച്ചു... എന്നോട് അതില്‍ എന്തൊക്കെ മാറ്റങ്ങള്‍ വേണമെന്നു ചോദിച്ചു... എന്നെ അംഗീകരിക്കാനും ചിലരൊക്കെ ഉണ്ടെന്നു തോന്നുന്നു... പിടി വിട്ടില്ല... കുറെ എന്തൊക്കെയോ പറഞ്ഞു കൊടുത്തു... നമ്മള്‍ ഇതു പോലത്തെ കുറെ എണ്ണം ചെയ്ത ശേഷം ഇരിക്കുന്ന പോലെ... അവന് ആവശ്യം വരും എന്ന് തോന്നിയ ചില ചിത്രങ്ങള്‍ അവന് പെന്‍ ഡ്രൈവില്‍ ആക്കികൊടുത്തു...
11:00 pmഇനി ഒരു ദിവസം കൂടി കഴിഞ്ഞാല്‍ ലീവ് തീരും... പിന്നെ വീണ്ടും പഴയപടി... നാളേം കൂടി ഒരു സംഭവം ആക്കി കളയാം... ഞാന്‍ ഉറങ്ങാന്‍ പോണൂ..
Saturday, September 13, 2008
Day 13
അമ്മയുടെ അപ്പീലില്ലാത്ത ആവശ്യപ്രകാരം അമ്മയുടെ അനിയത്തിമാരെയും അനിയനെയും കാണാന്‍ തറവാട്ടിലേക്ക് പുറപ്പെട്ടു... ഏട്ടന്‍ ആയിരുന്നു ഡ്രൈവര്‍ ... വീ.കെ.എന്‍ പറഞ്ഞപ്പോലെ ഡ്രൈവര്‍ ബഹുവചനം ആണ്, അത് കൊണ്ട് ഡ്രൈവന്‍ എന്ന് പറയാം..അനിയത്തിമാരും തറവാടിനു ചുറ്റും തന്നെയായാണ് താമസം... ഏട്ടന് വേണ്ടി അവിടെ ഉണ്ടാക്കുന്ന വീടിന്‍റെ പെയിന്‍റുപണി നടക്കുന്നു... അമ്മയെ അതും കൊണ്ടു പോയി കാണിച്ചു...
3:30 pm
ഉച്ചക്ക് ശേഷം ഒരു അനിയത്തിയുടെ വീട്ടില്‍ നിന്നും ഭക്ഷിച്ച ശേഷം അവരുടെ മകനെയും കൂട്ടി വീട്ടിലേക്ക് പോന്നു... അവന്‍റെ പുതിയ മൊബൈലിലേക്ക് എന്‍റെ ശേഖരത്തില്‍ ഉള്ള കുറച്ച് പാട്ടുകള്‍ സംഭാവന ചെയ്തു... അവന് വേണ്ടത് അതൊന്നും അല്ലെന്നു അറിയാമെങ്കിലും ഒരു ചേട്ടന്‍റെ കുപ്പായത്തില്‍ നിന്നുകൊണ്ട് അതൊന്നും മൊബൈലില്‍ കയറ്റി കൊടുക്കണ്ട എന്ന് തോന്നി...
5:20 pm
വൈകുന്നേരം വയലില്‍ പോയി... വെട്ടാറായ വാഴക്കുലകള്‍ വല്ലതും ഉണ്ടോന്നു നോക്കി... ഒന്നും ഇല്ല... ക്യാമറ എടുക്കാന്‍ മറന്നു, ഇല്ലെങ്കില്‍ അവിടെ വച്ചു കുറച്ച് അഭ്യാസങ്ങള്‍ ആകാമായിരുന്നു...
Friday, September 12, 2008
Day 12 : ഓണം
രാവിലെ തന്നെ എഴുന്നേറ്റു കുളിച്ച്, അച്ഛന്‍ വാങ്ങി തന്ന മുണ്ടും ഉടുത്ത് ഞാനും എന്‍റെ കൂടെ തന്നെ അമ്മേടെ വയറ്റീന്നു ചാടി ഇറങ്ങിയ മറ്റവനും കൂടി പൂക്കളം ഇടാന്‍ തുടങ്ങി... ഞാന്‍ പഠിച്ചിടത്തൊക്കെ പൂക്കള മത്സരത്തിനു ഞാന്‍ തന്നെയാ വരച്ചതെന്നും, ഇതും ഞാന്‍ തന്നെ വരക്കാം എന്നും പറഞ്ഞ് വര തുടങ്ങി... മറ്റവനും ചേട്ടനും ചേര്‍ന്ന് കുറെ കളിയാക്കിയെങ്കിലും പൂവൊക്കെ അരിഞ്ഞ് തന്നു... പൂക്കളം ഒരുവിധം തീര്‍ത്തു.. വല്യ കുഴപ്പം ഒന്നും ഇല്ല... തലേന്ന് വാങ്ങിയ ക്യാമറ എടുത്ത് ആക്രാന്തം തീര്‍ത്തു...
11:45 am
ബാല്‍കണിയില്‍ നിന്നും സൂം ചെയ്തു അപ്പുറത്തെ പറമ്പിലെ ഒരു ചെമ്പരത്തിയും ഗേറ്റിന്‍റെ മുകളില്‍ വീഴാന്‍ പാകത്തില്‍ തൂങ്ങി നില്‍ക്കുന്ന വെള്ളതുള്ളികളും ഫോട്ടോ എടുത്തപ്പോള്‍ ഒരു ചെറിയ ആശ്വാസം തോന്നി... അടുക്കളയില്‍ കടന്നു അമ്മയെ പായസം ഇളക്കാനും ഏലക്കായ പൊടിക്കാനും സഹായിച്ചു...
1:30 pm
ഉണ്ണാന്‍ ഇരുന്നു... അമ്മ ഒറ്റക്ക് എങ്ങനെ ഇത്രക്ക് സാധനങ്ങള്‍ തിന്നാന്‍ ഉണ്ടാക്കിയെന്നത് അതിശയിച്ചു... ചോറിനെ ഔട്ട് ഓഫ് ഫോക്കസ് ആക്കി വിഭവങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടും വാഴയില ഫുള്‍ ആയിട്ടും ഓരോ ഫോട്ടോകള്‍... തിന്നുകഴിഞ്ഞ് പായസം കുടിച്ചു കൊണ്ട് രണ്ടു സിനിമകള്‍ ചാനല്‍ മാറ്റി മാറ്റി കണ്ടു...
6:00 pm
വൈകീട്ട് അടുത്തുള്ള വീട്ടിലെ കുടുംബ ക്ഷേത്രത്തില്‍ പോയി വിളക്ക് വച്ചു... ചുറ്റുവിളക്ക് കത്തി നിക്കുന്നത് കാണാന്‍ നല്ല രസമാ.. അവിടെയും എന്‍റെ ക്യാമറ കുറെ വിയര്‍ത്തു...
11:00 pm
എന്‍റെ ആയുസ്സിലെ ഒരു ഓണം കൂടി വളരെ സുന്ദരമായി കടന്നുപോയി... ഓണത്തിന് വീട്ടില്‍ ഉണ്ടാവാന്‍ പറ്റുന്നത് ഭാഗ്യം തന്നെ... ആ ഭാഗ്യം കിട്ടാത്തവര്‍ക്ക് അടുത്ത കൊല്ലം അത് കിട്ടട്ടെ... അത് വിചാരിച്ച് എന്‍റേതു കട്ട് ചെയ്യല്ലേ ഈശ്വരാ...
Thursday, September 11, 2008
Day 11
അവളുടെ കല്യാണം കഴിഞ്ഞു ... ഞാന്‍ ഫ്രണ്ട്സിന്റെ കൂടെ മുഹൂര്‍ത്തത്തിനു മുന്‍പ് തന്നെ എത്തി... കല്യാണ വേഷത്തില്‍ അവള്‍ക്കു സൗന്ദര്യം കുറഞ്ഞ പോലെ തോന്നി... താലികെട്ടെല്ലാം കഴിഞ്ഞ് അവള്‍ക്കു ഞങ്ങളുടെ വക ഒരു സമ്മാനവും കൊടുത്തു... കൂടെ ഫോട്ടോ എടുക്കാന്‍ നില്‍ക്കുമ്പോള്‍ "നായിന്‍റെ മോളേ, നിനക്ക് എന്നെ കെട്ടിയാല്‍ പോരായിരുന്നോ?" എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും വേറെ എന്തോ പറഞ്ഞു... ഇനിയിപ്പോ എന്‍റെ മനസ്സു എല്ലാ പെണ്‍കുട്ടികള്‍ക്കും ഉള്ളതാണ്... ഞാന്‍ ഒരു മൈതാനമനസ്കന്‍ ആയിക്കഴിഞ്ഞു...
12:30 pm
സദ്യ വെട്ടിവിഴുങ്ങി അവളുടെ കുടുംബക്കാരായ കുട്ടികളെയെല്ലാം വാശിയോടെ വായ്നോക്കിയ ശേഷം പുറത്തിറങ്ങി... ടൌണില്‍ കുറെ ചുറ്റി നടന്നു...ഒരു ക്യാമറ മേടിച്ചു... നാളെ മുതല്‍ ഫോട്ടോ പിടുത്തം ഊര്‍ജിതമാവുന്നു...
4:30 pm
വീട്ടിലെത്തി... നാളെ ഓണത്തിനേക്ക് വേണ്ട സാധനങ്ങള്‍ കടയില്‍ പോയി വാങ്ങി... തിരികെ വന്നു മെയില് ചെക്ക് ചെയ്തു... കുറെ പേര്‍ സ്ക്രാപ്പിയിരിക്കുന്നു... തിരികെ സ്ക്രാപ്പി... ഇന്നു എന്‍റെ ഓര്‍ക്കൂട്ടിലെ ടുഡെയ്സ് ഫൊര്‍ച്യൂണ്‍ പറയുന്നു..."എ ഗുഡ് ടൈം ടു ഫിനിഷ് അപ് ഓള്‍ഡ് ടാസ്ക്സ്..."... സത്യം തന്നെ...
Wednesday, September 10, 2008
Day 10
9:30 am
എഴുന്നേറ്റത് ലേശം നേരത്തെ ആയിപ്പോയി... തലേന്ന് കിടക്കുമ്പോ രാത്രി രണ്ടുമണി ആയി... കമ്പനിയില്‍ പോയി പൂക്കളങ്ങള്‍ കാണാമല്ലോ എന്ന് കരുതി എണീറ്റതാണ്... ടീമില്‍ ആകെ ഉള്ള മലയാളി ഞാനാ, അതുകൊണ്ട് മത്സരത്തിനു പങ്കെടുക്കാന്‍ ഏതായാലും ഒക്കില്ല... അത് കണ്ടിട്ടെങ്കിലും പഴയ കോളേജ് ഓര്‍മ്മകള്‍ ഫ്ലാഷ്ബാക്ക് ഇടാം എന്ന് കരുതി... സഹമുറിയനെ അവന്‍ ജീന്‍സ് ഇട്ടാല്‍ സുന്ദരന്‍ ആണെന്നും മറ്റും തെറ്റിദ്ധരിപ്പിച്ച്അവന്‍റെ മുണ്ട് അടിച്ചുമാറി... അതും നല്ലൊരു കടുംനീല ഷര്‍ട്ടും ഇട്ടുകൊണ്ട് 'കിളി'വേട്ടക്ക് ഇറങ്ങി... ഷൂവില്‍കയറാതെ ചെരിപ്പിട്ടു പോകുമ്പോള്‍ തന്നെ ഒരു ആശ്വാസം...
11:45 am
കൂട്ടുകാരോടൊപ്പം പൂക്കളങ്ങളും അതിന് ചുറ്റും ഉള്ള സുന്ദരികളെയും കണ്ടു കുറെ നേരം ചുറ്റി കറങ്ങി... വേഷ്ടിയുടുക്കുമ്പോള്‍ എല്ലാ പെണ്‍കുട്ടികളും സുന്ദരിമാര്‍ ആകുന്നതു പോലെ... ഒരു പൂക്കളത്തിന്റെ അടുത്തായി എഴുതി വച്ച 'ഓണാശംകള്‍' എന്നതിലെ തെറ്റ് ചൂണ്ടിക്കാണിച്ചു കൊടുത്ത് രണ്ടു പൂവധരങ്ങളിലെ 'താങ്ക്സ്' മേടിച്ചെടുത്തു... അടുത്തുള്ള മലയാളി മെസ്സിലെ ഓണസദ്യ കൂടി കഴിഞ്ഞപ്പോള്‍ ഓണത്തിന്റെ ഒരു സുഖം ചെറിയ രീതിയില്‍ കിട്ടി...
3:00 pm
ഇന്നു രാത്രി നാട്ടിലേക്ക് വിടും... നാളെ അവളുടെ കല്യാണമാണ്... ഈ വര്‍ഷത്തെ സെപ്റ്റംബര്‍ 11 നു അവള്‍ വിമാനം ഇടിച്ചു കയറ്റാന്‍ പോകുന്നത് എന്‍റെ മനക്കോട്ടയിലേക്കാണ്... സാരമില്ല, താമസിയാതെ പുതിയൊരെണ്ണം കെട്ടിപ്പൊക്കാം... ഇന്നു തന്നെ രണ്ടു പെണ്‍കിടാങ്ങള്‍ എന്നെ നോക്കി ചിരിച്ചതേയുള്ളൂ... കൂട്ടുകാര്‍ക്കെല്ലാംഒരു ഓണക്കവിത മെയില് അയച്ചു...
Tuesday, September 9, 2008
Day 9
7:30 am
തലേന്ന് രാത്രി, അടുത്ത റൂമില്‍ നിന്നും കറണ്ട് അതിസാഹസികമായി ഞങ്ങളുടെ റൂമിലേക്ക് ഒഴുക്കി അതില്‍ ഫാനിട്ടു കിടന്നുറങ്ങിയ എന്നെ അതിരാവിലെ തന്നെ ഹൌസ് ഓണര്‍ പെണ്ണുമ്പിള്ള ബെല്ലടിച്ച് എഴുന്നേല്‍പ്പിച്ചു... "എന്താടാ വാടക തരാത്തത് നായിന്‍റെ മോനേ" എന്നാണു മുഖഭാവം എങ്കിലും, വാടക വൈകീട്ടെങ്കിലും തരണം എന്ന് പറഞ്ഞു... ഇന്നലെ വരാന്‍ വൈകിയത് കൊണ്ടാണ്, ഇന്നു തന്നെ തന്നേക്കാം എന്ന് പറഞ്ഞു വീണ്ടും പുതപ്പിനുള്ളിലേക്ക് ഡൈവ് ചെയ്തു...
11:15 am
കുളിക്കാനുള്ള തയ്യാറെടുപ്പില്‍ തലയില്‍ എണ്ണ തേച്ച് തോര്‍ത്തുമുണ്ടും ഉടുത്ത് കണ്ണാടിയുടെ മുന്നില്‍ നിന്നു... ഉള്ള മസിലുകളില്‍ രണ്ടെണ്ണം പെരുപ്പിച്ചു നോക്കി...കുഴപ്പമില്ല... വിംഗ്സ് പിടിച്ചു... ചിറകടിച്ചു കുളിമുറിയിലേക്ക് പറന്ന് പോയി... കുളി കഴിഞ്ഞു ഡ്രെസ്സിന്നുള്ളില്‍ കയറി, വിശപ്പിന്‍റെ അസുഖം കൂടിയപ്പോ നേരെ ഹോട്ടെലിലേക്ക് വെച്ചു പിടിച്ചു...
1:20 pm
കഴിച്ചു കഴിഞ്ഞു ഓഫീസിലെ ജൂസ് കോര്നെറില്‍ ഒരു മാതള ജൂസ് ഓര്‍ഡെറിയ ശേഷം ഒരു മൂലയില്‍ പോയി ഇരുന്നു... മാതളം രക്തോട്ടതിനു നല്ലതാണെന്നാണ് സഹമുറിയന്‍ പറയുന്നത്... രക്തം പുറത്തിറങ്ങി ഓടി രക്ഷപ്പെടുന്ന പോലെ തോന്നി... സീറ്റിലെത്തി മെയിലെല്ലാം ചെക്ക് ചെയ്തു... നാളെ വേണേല്‍ മുണ്ടുടുക്കാം എന്ന്... ഓണാഘോഷത്തിന്റെ ഭാഗമായിട്ട്... എന്റെ മുണ്ടെല്ലാം വീട്ടിലാ... ഇവിടെ ലുങ്കിയേ ഉള്ളൂ... അതുടുത്ത് വന്നാലോ? നാളെ കുറെ വേഷ്ടിയെല്ലാം ഉടുത്ത കൊച്ചുങ്ങളെ കാണാം... ശാലീനസുന്ദരികള്‍...
Monday, September 8, 2008
Day 8
ട്രെയിന്‍ ഇന്നു വൈകിയാ വന്നത്... നല്ല തിരക്കും ഉണ്ടായിരുന്നു... പ്രതീക്ഷയോടെ കയറിപ്പറ്റിയ ബോഗിയിലും വരള്‍ച്ച തന്നെ... ഒരൊറ്റ തരുണീമണിയും ഇല്ല... ഇനി ഈ പെണ്ണുങ്ങളെല്ലാം ഞാന്‍ ഇതിലാണ് കയറുന്നതെന്ന് പതുങ്ങി ഇരുന്ന് മനസ്സിലാക്കി മറ്റു പല ബോഗികളിലേക്ക് ഓടുന്നതാണോ....? ഛായ്...അതാവാന്‍ വഴി ഇല്ല... ആത്മവിശ്വാസക്കുറവില്ലായ്മക്കുറവ് ഉണ്ടാവാന്‍ പാടില്ല... ദുഷ്ടചിന്തയില്‍ നീരാടിയതുകൊണ്ടാണോ എന്തോ സീറ്റ് ലഭിക്കല്‍ ഉണ്ടായില്ല...
10:45 am
മൂന്നു കുടുംബങ്ങളുടെ നടുക്ക് ഒരു കുടുംബസ്നേഹിയായ ഞാന്‍ ഇരുന്നു... ഏതോ ഒരു സ്റ്റേഷന്‍ വിട്ടപ്പോള്‍ അതിനടുത്തായി ഒരു ആള്‍ക്കൂട്ടം കണ്ടു... ഒരു ശവം വെള്ള തുണികൊണ്ട് മൂടി ഇട്ടിരിക്കുന്നു... മാസ്റ്റര്‍ ഓഫ് പപ്പെറ്റ്സ് അയാളുടെ നൂല്‍ അറുത്ത് കളഞ്ഞു... "ഗെയിം ഓവര്‍...!"
8:10 pm
അത്താഴം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ചെറുതായി മഴ പെയ്യുന്നത് കണ്ടത്... പുറത്ത് എന്താണ് നടക്കുന്നതെന്ന് ഒരു വിധത്തിലും അറിയാന്‍ പറ്റാത്ത വാസ്തുവിദ്യ... ഫയര്‍ അലാറം ഉണ്ടായത് നന്നായി... ഇല്ലെങ്കില്‍ ആരേലും തീയിട്ടാലും, അതിനകത്ത് തല പുകച്ചു ഇരിക്കും ഈ അഭ്യസ്തവിദ്യര്‍...
9:05 pm
തിരിച്ചു വരുമ്പോള്‍ കൂടെ ഉണ്ടായിരുന്ന സഹമുറിയന് നനഞ്ഞു ചെളി പിടിച്ച ഒരു അഞ്ചുരൂപ നോട്ടു കിട്ടി... അഞ്ചക്ക ശമ്പളക്കാരനും അഞ്ചു രൂപ വീണു കിട്ടുമ്പോഴുള്ള സന്തോഷം ഒന്നു വേറെ തന്നെയാ... എന്ത് സാധനം കൊണ്ടാണാവോ ഈ മനുഷ്യന്മാരെ ഒക്കെ ഉണ്ടാക്കിയത്... ദൈവത്തെ കാണുമ്പോ ഒരു ചായയും പരിപ്പുവടയും മേടിച്ച് കൊടുക്കണം...
Sunday, September 7, 2008
Day 7
നേരം വൈകിയാണെങ്കിലും വധൂഗൃഹത്തില്‍ എത്തിപ്പെട്ടു... സദ്യ കഴിഞ്ഞു വധൂവരന്മാരുടെ കൂടെ ഇറങ്ങി, തിരിച്ചു പോന്നു... ഫ്രെണ്ടിന്റെ കൂടെ നഗരത്തില്‍ കുറെ കറങ്ങി നടന്നു... ഓണത്തിന് മുന്പുള്ള ഞായറാഴ്ച ആയതുകൊണ്ട് നല്ല തിരക്കായിരുന്നു എല്ലായിടത്തും... ഷോപ്പിങ്ങ് മാളില്‍ കുറെ നേരം ചുറ്റി കറങ്ങി... നല്ലൊരു ബുക്ക് സ്റ്റോറില്‍ കയറി... ആല്‍ബെര്‍ട്ടോ ഗ്രനാഡോയുടെ "ട്രാവല്ലിംഗ് വിത്ത് ചെ" ചോദിച്ചു... ഔട്ട് ഓഫ് സ്റ്റോക്ക്...വി.കെ.എന്നിന്‍റെ "പയ്യന്‍ കഥകള്‍" എടുത്തു...
5:30 pm
വീട്ടില്‍ കയറി വന്നപ്പോള്‍ തന്നെ ഏട്ടന്‍റെയും അച്ഛന്‍റെയും വക പരാതി കേട്ടു... വീട്ടില്‍ വന്നാലും വീട്ടില്‍ നില്‍കാതെ ചുറ്റിക്കറങ്ങുന്നതിന്... കേട്ടപ്പോള്‍ ശെരിയാണെന്ന് തോന്നി... കമ്പനി മെയില്‍ തുറന്നു ചെക്ക് ചെയ്തു... വീണ്ടും നാളെ അവിടേക്ക് തന്നെ...
Saturday, September 6, 2008
Day 6
അഞ്ചു മണിക്ക് എഴുന്നേറ്റ് കുളിച്ച് അരമണിക്കൂര്‍ കൊണ്ട് ബസ്റ്റോപ്പില്‍ എത്തി. അവിടെ ഒരു കാളവണ്ടി നിര്‍ത്തി ഇട്ടിരിക്കുന്നു... കാളക്കാരന്‍ ചായ കുടിക്കുന്നു... ഒരു ചായ കുടിച്ചാലോ എന്ന് തോന്നി.. അപ്പോഴേക്കും ബസ് വന്നു... ബസ്സില്‍ ആള് വളരെ കുറവായിരുന്നു... പുലര്‍ച്ചെ ആയതുകൊണ്ട് തണുത്ത കാറ്റ് മുഖത്ത് അടിച്ച് കൊണ്ടിരുന്നു... ഇന്നു ചെറുതിന്‍റെ പിറന്നാളാണ്... എന്റെ കൂടെ പഠിച്ച രണ്ടു സഹോദരിമാരില്‍ ഇളയതിന്‍റെ... എനിക്ക് ആരോടോ ഒരു ഇഷ്ടമുണ്ടെന്നു അവര്‍ക്ക് തോന്നിയിരുന്നു... കിട്ടിയാല്‍ തരക്കേടില്ല എന്ന ഒരു ഇഷ്ടമായിരുന്നു എനിക്കെങ്കിലും അവര്‍ കരുതി ഞാന്‍ കൊടുമ്പിരിക്കൊണ്ട പ്രേമത്തിലാണെന്നു... അവര്‍ക്ക് അത് അറിയണമെന്നുണ്ടായിരുന്നു... എനിക്കത് വേറെ ആരും അറിയണ്ട എന്ന ഒരു തോന്നലും... അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ അത് ചെറുത് തന്നെ ആണെന്ന് ഞാന്‍ പറഞ്ഞു... അവര്‍ എന്നോട് സംസാരിക്കുന്നത് കുറഞ്ഞു... എങ്കിലും ഞാന്‍ ഒന്നും തിരുത്തിയില്ല... അതോടെ ആ ചാപ്റ്റര്‍ ക്ലോസായി...
6:30 am
റെയില്‍വേ സ്റ്റേഷനില്‍ എത്തി... സാമാന്യം വലിയൊരു ക്യു ഉണ്ട്... നേരത്തെ ഇറങ്ങിയത് നന്നായി... ടിക്കെറ്റ് എടുത്ത് ഭക്ഷണം കഴിക്കാന്‍ അടുത്ത് തന്നെ ഉള്ള ഒരു ഹോട്ടലില്‍ കയറി... ഒരു സുന്ദരി കുട്ടിയും അവളുടെ അച്ഛനെന്നു തോന്നിക്കുന്ന ഒരാളും കഴിച്ചു കൊണ്ടിരിക്കുന്നു... വേറൊരു ടേബിളില്‍ ഏതോ കോളേജ് പിള്ളേരും... നേരെ ചെന്നു പെണ്‍കുട്ടിയുടെ ഓപ്പോസിറ്റ് ആയുള്ള ഒരു ടേബിളില്‍ ഇരുന്നു... പൂരിയും ചായയും പറഞ്ഞു... അവളെ നോക്കുന്നതിനിടയില്‍ രണ്ടു മൂന്നു തവണ അവള്‍ എന്നെ നോക്കി... വായ്നോട്ടം മോശമാണെന്ന് നമ്മുടെ കൂടെ നടക്കുന്ന കുട്ടിയെ വേറെ ഒരുത്തന്‍ നോക്കുന്നത് കാണുമ്പോഴേ മനസ്സിലാകൂ... എന്ത് ചെയ്യാം.. കണ്ട്രോള്‍ ചെയ്യാന്‍ പറ്റാത്ത സംഗതി ആണ്... പിന്നെ അവളെ നോക്കിയില്ല... ചെലപ്പോ അവള്‍ പിന്നെയും എന്നെ നോക്കിക്കാണും...
7:40 am
പത്രം വായിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ ട്രെയിന്‍ വന്നു... ബാഗ് ഒന്നും ഇല്ലാത്തതുകൊണ്ട് പെട്ടന്ന് കയറി ഇരുന്നു... കയറി കഴിഞ്ഞപ്പോള്‍ മനസ്സിലായി, സൈഡ് സീറ്റ് കിട്ടാനുള്ള ആക്രാന്തത്തില്‍ ഞാന്‍ കയറിയ കമ്പാര്‍ട്മെന്റ് 'കളര്‍ഫുള്‍' അല്ലെന്ന്.. എല്ലാം അമ്മച്ചിമാരാണ്... പിന്നെ നാടെത്തും വരെ പാട്ടും കേട്ട് ഇരുന്നു...
3:30 pm
ട്രെയിന്‍ ഇറങ്ങി, ചേട്ടച്ചാരുടെ ബൈക്കിന്റെ പുറകില്‍ വീടെത്തി... കുളി.. ഫോണ്‍ വിളികള്‍... കാറില്‍ കല്യാണ ചെക്കന്റെ വീട്ടിലേക്ക്...ഞങ്ങളും പിന്നെ കോളേജില്‍ പഠിക്കുമ്പോ ഞങ്ങള്‍ ഭക്ഷണം കഴിച്ച വീട് കം ഹോട്ടലിന്റെ ഉടമയും ഞങ്ങളില്‍ ഒരാളുമായ ബിജുവേട്ടനും... അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും ചെളിയടിച്ചും യാത്ര... വഴിയില്‍ ഒരു പള്ളിയില്‍ വെച്ച് കൂട്ടുകാരുടെ നോമ്പുതുറ... കുറെ ഈന്തപ്പഴവും ആപ്പിളും ഓറഞ്ചും അകത്താക്കി...
8:30 pm
തലേദിവസം കല്യാണവീട്ടില്‍ പ്രത്യേകിച്ച് പരിപാടികള്‍ ഒന്നും ഇല്ല... വേറെ കൂടെയുള്ള കൂട്ടുകാര്‍ രണ്ടുപേരും അടിക്കാത്തവര്‍ ആയിരുന്നത്കൊണ്ട് വെള്ളമടിക്കാന്‍ ബിജുവേട്ടന് കമ്പനി കൊടുക്കാന്‍ പോവേണ്ടി വന്നു... വീട്ടില്‍ തിരിച്ചു ചെല്ലേണ്ടതുകൊണ്ട് വേണ്ടാന്നു വിചാരിച്ചതായിരുന്നു... രണ്ടെണ്ണം അടിക്കേണ്ടി വന്നു... 8 PM ആയിരുന്നു സാധനം...കൂടെ ഉണ്ടായിരുന്ന ചെക്കന്റെ അമ്മാവനും അയാളുടെ ഫ്രെണ്ടിനും, ബിജുവേട്ടനെ ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുന്ന ആളാണെന്നു പരിചയപ്പെടുത്തി... തിരികെ ചെന്നു ബിജുവേട്ടന്‍ ചെക്കന്മാരോട് പറഞ്ഞു... "ഞാനും ഇപ്പൊ നിങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുന്ന ആളാണ് ട്ടോ..." ഉടനെ ഞാന്‍ പറഞ്ഞു..."നമ്മുടെയൊക്കെ PM" ... ബിജുവേട്ടന്‍ അത് തിരുത്തി... "8 PM"
12:30 am
യാത്രകള്‍ കൊണ്ട് നിറഞ്ഞ ആ ദിവസം കഴിഞ്ഞു... ഞാന്‍ ഉറങ്ങാന്‍ കിടന്നു...
Friday, September 5, 2008
Day 5
11:40 pm
പണ്ട് എന്റെ പ്രൊജെക്ടില് ഉണ്ടായിരുന്ന ശിവശങ്കറിനെ കണ്ടു... അവന്‍ റൂം വരെ ബൈക്കില്‍ കൊണ്ട് ചെന്നാക്കി... സ്വയം ഒന്നും അറിയില്ലെന്ന് പറഞ്ഞു നടക്കുന്ന ഒരുത്തന്‍... പ്രൊജെക്ടിലെ കോഡിംഗ് താങ്ങാന്‍ ആവില്ല എന്ന് പറഞ്ഞു ഒരു ടെസ്റ്റിങ്ങ് പ്രൊജെക്ടിലെക്ക് മാറ്റം വാങ്ങി... അവര്‍ അവനെ പണിയെടുപ്പിച്ച് അവശനാക്കി... ഗതികെട്ട് റിസൈന്‍ ചെയ്ത അവനെ നോട്ടീസ് പിരീഡ് എന്നും പറഞ്ഞ് രണ്ടു മാസമായി അതിലും കൂടുതല്‍ പണി എടുപ്പിക്കുന്നു.... റൂമിലെത്തിയപ്പോള്‍ സഹമുറിയന്മാര്‍ കൊതുകുനിവാരണം നടത്തി തളര്‍ന്നു ഉറങ്ങുന്നു.... സിനിമ ഒന്നും കാണാന്‍ നില്‍കാതെ ഞാനും കയറി കിടന്നു ഉറങ്ങി...
9:30 am
അടുത്ത റൂമിലുള്ള പഹയന്‍ കൊതുഹത്യ നടത്താന്‍ ബാറ്റ് മേടിച്ചു കൊണ്ട് പോയി... തുടര്‍ന്ന് അവിടെ നിന്നും കൊതുകുകള്‍ ബാറ്റിനു കുടുങ്ങി പൊട്ടുന്ന ശബ്ദം തുടര്‍ച്ചയായി കേട്ടു.. മാലപ്പടക്കം പൊട്ടുന്ന പോലെ... അതൊരു കൊതുകുവളര്‍ത്തല്‍ കേന്ദ്രം തന്നെ ആയിരുന്നു...
12:15 pm
കമ്പനിയിലേക്ക് കയറി നേരെ ഫുഡ് കോര്‍ട്ടിലേക്ക് ജൂസ് കുടിക്കാന്‍ കേറി... അട്ടഹാസം കേട്ടു തിരിഞ്ഞു നോക്കിയപ്പോ, കാരംസ് ബോര്‍ഡിന്റെ അടുത്ത് മാനേജര്‍മാരുടെ ഒരു കൂട്ടം... ഒരു പത്തു പതിനഞ്ചു പേര്‍ കാണും... ഇപ്പൊ അവിടെ ഒരു ബോംബ് ഇട്ടാല്‍ കുറെ പേര്‍ രക്ഷപ്പെടും എന്ന് തോന്നി... എന്‍റെ കയ്യിലാണെങ്കില്‍ ബോംബുമില്ല... പിന്നെ ചെ ഗുവേര പറഞ്ഞതു പോലെ.. "ക്രൂരന്മാര്‍ ആയ നേതാക്കളുടെ അഭാവം പുതിയ നേതാക്കളെ ക്രൂരന്മാര്‍ ആക്കുന്നു..." ... ഒന്നും എവിടെയും തീരുന്നില്ല...
4:15 pm
അമേരിക്കയില്‍ നിന്നും ഓണ്‍-സൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ വന്നിരിക്കുന്നു... അങ്ങോട്ടും ഇങ്ങോട്ടും കുറെ പുകഴ്ത്തല്‍... "യു ആര്‍ എ ഗുഡ് റിസോഴ്സ് " ... അതെ കമ്പ്യൂട്ടര്‍ പോലെ മറ്റൊരു റിസോഴ്സ് ആണ്... ആ വകയില്‍ കുറെ ചോക്ലേറ്റ്സ് കിട്ടി.. പിന്നെ ഒരു ഡിന്നര്‍ ട്രീറ്റും... ഇന്നു രാത്രി അതിന് പോകും...
നാളെ രാവിലത്തെ ട്രെയിനില്‍ നാട്ടിലേക്ക്... ഓണത്തിന് പോകാം എന്ന് കരുതിയതായിരുന്നു... പക്ഷെ തടിയന്റെ കല്യാണമാണ് ഞായറാഴ്ച... എല്ലാവരും ഒന്നിച്ചു നാട്ടിലുള്ള ഒരുത്തന്‍റെ കാറില്‍ പോകാമെന്ന് തീരുമാനിച്ചു... നാളെ അവിടെ ആയിരിക്കും...
Thursday, September 4, 2008
Day 4
11:10 pm
കമ്പ്യൂട്ടര്മായുള്ള മല്‍പിടുത്തം കഴിഞ്ഞു പുറത്തിറങ്ങിയപ്പോ ചെറുതായി മഴ പെയ്യുന്നു... പണ്ടു കോളേജിലായിരുന്നപ്പോള്‍ മഴ തീരാന്‍ ഒരിക്കലും കാത്തു നിന്നിട്ടില്ല... മഴയത്ത് നനഞ്ഞു കൊണ്ടു നടക്കുമായിരുന്നു... ഞാന്‍ മാറിയിട്ടില്ല എന്ന് സ്വയം ബോധിപ്പിക്കുവാന്‍ ഞാന്‍ മഴയത്തേക്ക് ഇറങ്ങി റൂമിലേക്ക് നടന്നു....
4:00 am
കരണ്ട് പോയപ്പോള്‍ ഉഷ്ണം കൊണ്ട് ഉണര്‍ന്നു... പവര്‍കട്ട് ആണ്... 5 മണി വരെ... പുതപ്പു മാറ്റുമ്പോഴേക്കും മൂളിക്കൊണ്ട് പറന്ന് വരുന്നു നാശം പിടിച്ച കൊതുകുകള്‍... വിയര്‍ത്തു കുളിച്ച്, രാത്രി മഴയത്ത് കയറി വന്ന പോലെ നനഞ്ഞിരിക്കുന്നു ഞാന്‍... അടുത്ത മുറിയില്‍ സഹമുറിയന്‍ ഓടി നടന്നു കൊതുഹത്യ നടത്തുന്നു... ഈ സമയത്തൊക്കെ പവര്‍കട്ട് വച്ചവരെയും തന്തയില്ലാത്ത കൊതുകുകളെയും മനസ്സില്‍ തെറി പറഞ്ഞ്, തല കൂടി പുതപ്പിനുള്ളിലിട്ട് ഉറക്കം വരാതെ കിടന്നു...
10:40 am
സഹമുറിയന്‍ കൊതുകിനെ ഷോക്കടിപ്പിച്ചു കൊല്ലുന്ന ബാറ്റുമായി വന്നിരിക്കുന്നു... ഇന്നിവിടെ കൊലപാതകം നടക്കും... അരിച്ചു പെറുക്കിയിട്ടും മരുന്നിനു പോലും ഒരു കൊതുകിനെ കിട്ടിയില്ല... ബാറ്റിന്‍റെ പ്രവര്‍ത്തനക്ഷമത ടെസ്റ്റ് ചെയ്യുന്നതും കൊലപാതകവും രാത്രിയിലേക്ക് മാറ്റി വെച്ചതായി അറിയിക്കുന്നു....
Wednesday, September 3, 2008
Day 3
12:40 am
വര്‍ക്ക് വിചാരിച്ചതിലും അധികം നീണ്ടു... അമേരിക്കയില്‍ എവിടെയോ ഇരുന്ന് ആനി മൂറും, ഇവിടെ ഇരുന്ന് ഞാനും പഴയ ഒരു പ്രോഗ്രാമിന്റെ രണ്ടു തലയും കൂട്ടി മുട്ടിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു... കുറെ നേരം ഇരുന്ന് ബോറടിച്ചപ്പോള്‍ അവളെ ഞാന്‍ ഫോണില്‍ വിളിച്ചു... പറയുന്നത് കാട്ടറായി ഇംഗ്ലീഷ് ആണേലും കേള്‍ക്കാന്‍ രസമുണ്ട്...
അപ്പോഴാണവന്‍ ചാറ്റില്‍ വന്നത്...
"ഓഹോ നീ ബിസി ആണല്ലേ... ആരുമായിട്ടാണെടാ ബിസി...?"
"മര്യാദക്ക് ജോലി എടുത്തു കമ്പനിയെ സേവിക്കുന്നവനെ പറ്റി അനാവശ്യം പറഞ്ഞാല്‍ നീയൊക്കെ വിവരം അറിയും... you will know the knowledge.. രാത്രി എല്ലാവരും ഉറങ്ങിയപ്പോ മറ്റേത് കാണാന്‍ കയറിയതാ ല്ലേ?"
"അയ്യേ, അതൊക്കെ പണ്ട്... ഇപ്പൊ അതൊക്കെ പകല് തന്നെയാ.. നീ ഓണത്തിന് എപ്പോഴാ എത്തുക..."
"ഞാന്‍ വ്യാഴാഴ്ച തന്നെ എത്തും... അന്നാണ് ലവളുടെ കല്യാണം..."
"ആരുടെ...?"
" നിന്‍റെ കൂടെ കോളേജില്‍ ഉണ്ടായിരുന്ന മറ്റവളില്ലേ.... അവളുടെ കൂട്ടുകാരി... അവളും പോയെടാ..."
"എല്ലാരും പോവുകയാണല്ലോടെയ്... ഏതായാലും ഓണത്തിന് കാണാം... ബൈ.."
ഉള്ളില്‍ എന്താണെങ്കിലും പുറമെ അതൊരു തമാശയായി പറയാന്‍ പറ്റുന്നത് ഒരു നല്ല കഴിവ് തന്നെയാണെന്ന് തോന്നുന്നു... അവള്‍ പോയി എന്നത് അവളും പോയി എന്നാക്കിയപ്പോള്‍ ഒരു ചെറിയ സുഖം...
1:15 am
റൂമിലേക്ക് നടക്കുമ്പോള്‍ വിനായക ചതുര്‍ഥി ആഘോഷത്തിനായി ഉണ്ടാക്കി വെച്ച ഗണപതിയുടെ കളര്‍ ബള്‍ബുകൊണ്ടുണ്ടാക്കിയ വലിയൊരു രൂപം കണ്ടു... മൊബൈല്‍ എടുത്ത് രണ്ടു ഫോട്ടം പിടിച്ചു... അത്രക്ക് വൃത്തിയൊന്നും ആയില്ല...
1:40 pm
നട്ടുച്ചക്ക് ഓഫീസിലേക്ക് നടന്നു പോകുമ്പോള്‍, അടുത്ത സ്കൂളില്‍ കുറച്ചു പിള്ളേര്‍ ചേര്‍ന്ന് ഫുട്ബോള്‍ കളിക്കുന്നു... ഇന്നെന്താ സ്കൂള്‍ ഇല്ലാത്തതെന്ന് ആലോചിച്ചു... പെട്ടന്ന് ഓര്‍മ്മ വന്നു ഗണപതിയമ്മാവന്‍റെ പിറന്നാള്‍ ആണല്ലോ എന്ന്... മൂപ്പര്‍ക്ക് ഒരു ഹാപ്പി ബര്‍ത്ത്ഡേ പറഞ്ഞു കൊണ്ട് ഹോട്ടെലിലേക്ക് നടന്നു...
Tuesday, September 2, 2008
Day 2
ഇന്നലെ രാത്രി ഇരുന്ന് "ചിദംബര സ്മരണ" വായിച്ചു തീര്‍ത്തു... വായിച്ചു കഴിഞ്ഞപ്പോള്‍, നമ്മുടെയൊക്കെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ല എന്ന് തോന്നിപ്പോയി... അല്ലെങ്കിലും ഉറങ്ങുക, തിന്നുക, ഓഫീസില്‍ പോകുക എന്നിങ്ങനെ ചില ചെറിയ കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ജീവിതത്തിലൊക്കെ എന്ത് സംഭവിക്കാനാ...
9:20 am
ഉണര്‍ന്നിട്ടും കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാതെ ജനലിലൂടെ കാണുന്ന ആകാശത്തിന്‍റെ ചെറിയ കഷ്ണത്തെ നോക്കി വെറുതെ കിടന്നു... അപ്പുറത്തെ മുറിയില്‍ നിന്നും സഹമുറിയന്‍ നാട്ടിലുള്ള ഭാര്യയോട് ഫോണില്‍ സംസാരിക്കുന്നു... അവള്‍ പുതിയ ഫ്ലാറ്റിലേക്ക് മാറിയിരിക്കുന്നു... സാധനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ച ആണെന്ന് തോന്നുന്നു... പാവങ്ങള്‍... അഞ്ചു ദിവസങ്ങള്‍ നീണ്ട വിരഹവും, ബാക്കി രണ്ടു ദിവസങ്ങളില്‍ വീണു കിട്ടുന്ന രതിനിമിഷങ്ങളും...
12:50 pm
കുറച്ചു നേരത്തെ തന്നെ ഓഫീസിലേക്ക് പുറപ്പെട്ടു... റോഡില്‍, ഏതോ ലോറി ഇടിച്ചിട്ട ഒരു നായയുടെ ജഢം.. വളരെ ഫ്രെഷ് ആണ്.. ഇപ്പൊ ഇടിച്ച് ഇട്ടതേ ഉള്ളൂ... കന്നി മാസത്തിനു മുന്‍പ്, കൂട്ടിനു ഒരു പട്ടിയെ കിട്ടാഞ്ഞ് ലോറിക്ക് മുന്‍പില്‍ ചാടി ആത്മാഹുതി ചെയ്തതാവുമെന്നു ചിന്തിച്ചു മനസ്സില്‍ ചിരിച്ചു... അതൊരു മനുഷ്യന്‍ ആയിരുന്നെങ്കില്‍ അങ്ങനെ ചിന്തിക്കില്ലായിരുന്നല്ലോ എന്നാലോചിച്ചപ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നി...
1:15 pm
കമ്പനിയിലേക്കുള്ള റോഡിലെ കൊഴിഞ്ഞു വീണ ഇലകള്‍ ഒരു ചെറുപ്പക്കാരന്‍ ഇരുന്നു പെറുക്കുന്നു... സ്വയം മറന്നിരുന്നു ഏതോ ഒരു പാട്ടും പാടുന്നുണ്ട്... സ്ഥിരം കാണാറുള്ള ആ സായിപ്പ് നടന്നു വരുന്നു... അയാളുടെ ചെവിട്ടില്‍ എപ്പോഴും ഇയര്‍ ഫോണ്‍ ഉണ്ടാകും... ഫുട്ബോള്‍ ഹെഡ് ചെയ്തു ഗോള്‍ ആക്കുന്ന പോലെയാണ് മൂപ്പരുടെ നടത്തം... എന്‍റെ നടത്തം എന്ത് പോലെ ആണാവോ?... ഒരാള്‍ പുല്‍ത്തകിടി നനക്കുന്നു... നല്ല പച്ചപ്പുല്ലും അതിലെ വെള്ളവും കാണുമ്പോള്‍ അതില്‍ കിടന്നു ഉരുളാന്‍ തോന്നുന്നു...
ഒരു ചായ എടുത്ത്, ലിഫ്റ്റ് വേണ്ടാന്നു വെച്ചു നേരെ സ്റ്റെപ്പിലേക്ക് നടന്നു... ഞാന്‍ എന്തിനാണാവോ ഈ നട്ടുച്ചക്ക് ചായ കുടിക്കുന്നത്...
Monday, September 1, 2008
Day 1
8:20 am
അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നെങ്കിലും, പണ്ടു സ്കൂളില്‍ പഠിക്കുമ്പോള്‍ ബസ്സില്‍ ചാടിക്കയറിയുള്ള പരിചയം വച്ച് ട്രെയിനില്‍ പെട്ടന്ന് കയറിപ്പറ്റി... തൊട്ടടുത്ത് ഇരുന്ന സ്ത്രീ, കൂട്ടുകാരിയെ ഫോണില്‍ വിളിച്ചു വരുത്തി... ഒരു ജീന്‍സും കുര്‍ത്തയും ഇട്ട് ലിപ്സ്ടിക് തേച്ച ചുണ്ടുകളോടെ അവള്‍ എന്റെ അരികില്‍ വന്നിരുന്നു... അവളുടെ ശരീരത്തോട് ചേര്‍ന്നിരുന്നപ്പോള്‍ എനിക്കെന്തൊക്കെയോ തോന്നി... തിരുപ്പൂരോ മറ്റോ ഇരുന്നു ഏതോ കുറച്ച് ആളുകള്‍ ഉണ്ടാക്കിയ എന്‍റെ ടീ-ഷര്‍ട്ടും അവളുടെ കുര്‍ത്തയും മാത്രമെ ഞങ്ങള്‍ക്കിടയില്‍ ഉള്ളുവല്ലോ എന്നാലോചിച്ചപ്പോള്‍ അത് കൂടി... ഇയര്‍ ഫോണ്‍ ചെവിട്ടില്‍ കുത്തി കയറ്റി, ശബ്ദകോലാഹലമായ ഒരു പാട്ട് വെച്ച് മറ്റൊന്നിലും ശ്രദ്ധിക്കാതെ ഇരുന്നു...
1:15 pm
ട്രെയിന്‍ ഇറങ്ങി റൂമിലേക്ക് പോകാന്‍ ബസ്സില്‍ കയറി... പുറകിലിരുന്ന ആള്‍ വല്ലാതെ ചുമച്ചുകൊണ്ടിരുന്നു... അയാളുടെ വായില്‍ നിന്നും ആയിരക്കണക്കിന് കീടാണുക്കള്‍ എന്‍റെ പിന്‍കഴുത്തിലും തലയിലും വന്നു ഒട്ടിച്ചേരുന്നത് ഞാന്‍ ഭാവനയില്‍ കണ്ടു... തല നിറയെ കീടാണുക്കളുമായി ഞാന്‍ റൂമിലെത്തി, "ലക്സ്" തേച്ചു കുളിച്ചു... ഇപ്പൊ കീടാണുക്കള്‍ എല്ലാം ഭംഗി വെച്ചിട്ടുണ്ടാകും...