Sunday, October 5, 2008

ഭാരതപ്പുഴയുടെ തീരത്ത്...

ഉളുപ്പില്ലാതവന്മാര്‍... കമ്പനിയില്‍ ബ്ലോഗിങ്ങ് ബ്ലോക്ക് ചെയ്തു കളഞ്ഞു... ഇനി ദിവസം തോറും എഴുത്തൊന്നും നടക്കില്ല... നാട്ടില്‍ വരുമ്പോള്‍ മാത്രം... ശനിയാഴ്ച രാവിലത്തെ ട്രെയിനിനു ദീപക്കിന്റെ വീട്ടിലേക്ക് പോന്നു... അവന്‍ അടുത്ത ആഴ്ച ആഫ്രിക്കന്‍ സഫാരി തുടങ്ങാന്‍ പോകുന്നു... അവന്‍റെ കമ്പനി അവന് ഓണ്‍ സൈറ്റ് കൊടുത്തിരിക്കുന്നത് നൈജീരിയയിലെക്കും കെനിയയിലേക്കും സൌത്ത് ആഫ്രിക്കയിലേക്കും... ചെന്നപ്പോള്‍ അവനും അവന്‍റെ അമ്മാവന്‍റെ കുഞ്ഞുമോന്‍ അഭിരാമാനും മുനീസും എന്നെ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു... അവിടെ നിന്നും അവന്റെ വീട്ടിലേക്ക് ബൈക്കില്‍...

വൈകീട്ട് ഭാരതപ്പുഴയുടെ തീരത്ത് കാറ്റും കൊണ്ട് ഇരിക്കുമ്പോള്‍ കിരണും എത്തി... കുറെ നേരം തീരത്തെ മണല്‍പരപ്പില്‍ ഇരുന്ന് കഥ പറഞ്ഞു... പിന്നെ മസില് പിടിച്ച് ഇരുന്നിട്ട് കാര്യമില്ലെന്ന് തോന്നി, പുഴയില്‍ ഇറങ്ങി കുളിച്ചു...

കിട്ടുന്ന സമയത്തൊക്കെ ദീപക്കിനെ ആഫ്രിക്കയില്‍ ചെന്നിട്ട് അവന് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ പറഞ്ഞു കളിയാക്കിക്കൊണ്ടിരുന്നു... രാത്രി വൈകുവോളം ഇരുന്ന് കിരണിന്‍റെ ലാപ്ടോപ്പിലെ 'അക്കരെ നിന്നൊരു മാരന്‍' സിനിമ കണ്ടു... പിന്നെ കിടന്നുറങ്ങി... രാവിലത്തെ ഭക്ഷണത്തിന് ശേഷം ഞാനും മുനീസും വടക്കോട്ടും കിരണ്‍ തെക്കോട്ടും സ്വന്തം വീടുകളിലേക്ക് വെച്ച് പിടിച്ചു... ഇനി ദീപക്കിനെ കാണുന്നത് എന്നാണാവോ? നീഗ്രോകള്‍ അവന് നല്ലത് വരുത്തട്ടെ...

Tuesday, September 30, 2008

Day 25

ട്രെയിനില്‍ ഇരിക്കുമ്പോള്‍ അനൂജിന്റെ മെസ്സേജ് വന്നു... അവന്‍ ജോലിയില്‍ കയറാന്‍ പോകുന്നു... നിനക്കെന്നും ഒരു ജോലി ഉണ്ടാകട്ടെ... നിന്‍റെ ജോലി മറ്റുള്ളവര്‍ക്ക് ഒരു ജോലി ആകാതിരിക്കട്ടെ എന്ന് ആശംസിച്ചു മറുപടി കൊടുത്തു...

റൂമിലെത്തി ഡ്രസ്സ് മാറി ഓഫീസിലേക്ക് നടന്നു... നല്ല വെയില്‍ ആയതുകൊണ്ട് ഒരു ഓട്ടോ പിടിച്ചു... നേരെ കമ്പനിയുടെ മുന്നില്‍ വന്നിറങ്ങി... അവന്‍ മുപ്പതു രൂപ ചോദിച്ചു... അഹങ്കാരം, നാട്ടിലുള്ളതിന്റെ മൂന്നിരട്ടി... വേണേല്‍ ഇരുപത്തഞ്ചു തരാമെന്നു ഞാന്‍... എന്നാ എനിക്ക് വേണ്ട എന്നും പറഞ്ഞു അവന്‍ ഓട്ടോ തിരിച്ചു... സത്യം പറയാമല്ലോ അത് ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല... അവന്‍ കുറച്ചു ദൂരം മുന്നോട്ടു പോയി ഓട്ടോ നിര്‍ത്തി എന്നെ നോക്കി... ഞാന്‍ നടന്നു ചെന്നു മുപ്പതു രൂപ തന്നെ കൊടുക്കുമെന്ന് കരുതിക്കാണും... ഞാന്‍ നേരെ പഴ്സ് കീശയിലിട്ടു കമ്പനിയുടെ ഉള്ളിലേക്ക് നടന്നു... അതവനും പ്രതീക്ഷിച്ചു കാണില്ല... ഇവനൊക്കെ "നാന്‍ ഓട്ടോക്കാരന്‍, ഓട്ടോക്കാരന്‍... ന്യായമുള്ള റേറ്റ്ക്കാരന്‍" എന്നൊക്കെ പാടുമെങ്കിലും മേടിക്കുന്നത് കഴുത്തറപ്പന്‍ കൂലി തന്നെ... ഞാന്‍ ആ ഇരുപത്തഞ്ചു രൂപകൊടുത്ത് ഒരു ജൂസ് കുടിച്ചു...

ഇന്നു ഉച്ചക്ക് റൂമില്‍ നിന്നു ഇറങ്ങിയപ്പോള്‍ ഓട്ടോ സ്റ്റാണ്ടിനടുത്തു വെച്ച് അവര്‍ എന്നെ പിടികൂടുന്നതും തെറി പറഞ്ഞും കഴുത്തിന്‌ പിടിച്ചും എന്‍റെ കയ്യില്‍ നിന്നും കാശ് വാങ്ങുന്നതും ഞാന്‍ മനസ്സില്‍ കണ്ടു... ഇന്നലെ പാടിയ പാട്ടിന്റെ ബാക്കി പോലെ അവന്മാര്‍ കമ്പെടുത്ത് വേട്ടക്കാരന്മാര്‍ ആവുമോ എന്ന് ചെറിയ ഒരു സംശയം... അങ്ങനെ സംഭവിച്ചാല്‍ പറയാന്‍ രണ്ടു സിനിമ സ്റ്റൈല്‍ ഡയലോഗ് ഞാന്‍ മനസ്സില്‍ പറഞ്ഞു... അടിപൊട്ടിയാല്‍ തൊട്ടടുത്ത പോലീസ് ചെക്പോസ്ടിലെക്ക് ഒടാമെന്നും... നടന്നു ഓട്ടോ സ്റ്റാണ്ടിനടുത്തെത്തിയപ്പോള്‍ ഞാന്‍ ഇടംകണ്ണിട്ടു നോക്കി... അവന്‍ അവിടെ ഇല്ല... അവിടെ ഉള്ള മറ്റുള്ളവന്മാരെ മൈന്‍ഡ് ചെയ്യാതെ ഞാന്‍ വേഗത്തില്‍ നടന്നു പോന്നു...

Sunday, September 28, 2008

Day 24

ഇന്നലെ വിചാരിച്ചതിലും ഗംഭീരം ആയി... പ്രദീപിനെ കാണാനാണ് പോയതെന്കിലും ചെറിയ രീതിയില്‍ ഒരു ഒത്തുചേരല്‍ തന്നെ ആയി... അങ്ക്രിയും തവളയും കള്ളനും പ്രദീപും ഞാനും പിന്നെ എന്‍റെ ഡിറ്റോയും... ഹൈസ്കൂളിന്‍റെ ഗ്രൌണ്ടിലെ പണ്ടു പഠിക്കാന്‍ എന്ന വ്യാജേന ഇരിക്കാറുള്ള പാറയുടെ മുകളിലിരുന്നു കുറെ നേരം വിശേഷങ്ങള്‍ പറഞ്ഞു... പരസ്പരം പൊട്ടിപ്പോയ ലൈനുകളെ പറ്റി പറഞ്ഞു കളിയാക്കി...പണ്ടെങ്ങോ കളിച്ച ക്രിക്കറ്റ് മാച്ചിലെ സ്കോറുകള്‍ പറഞ്ഞു അടികൂടി... തൊട്ടടുത്ത എഞ്ചിനീയറിംഗ് കോളേജിന്‍റെ ലേഡീസ് ഹോസ്റ്റലിന്റെ കോമ്പൌണ്ടിലെക്ക് മനപ്പൂര്‍വ്വം ബോള്‍ അടിചിട്ട് എടുക്കാന്‍ പോകുന്നതും... സ്കൂളിലെ വെള്ളരി കൃഷിയിലെ വെള്ളരിക്ക മോഷ്ടിക്കുന്നതും... അങ്ങനെ എല്ലാവരെയും പോലെ പണ്ടത്തെ സംഭവങ്ങള്‍ വിവരിച്ച് "നമ്മള്‍ തന്നെ ആണെടാ ടോപ്പ്" എന്ന് ഊറ്റം കൊണ്ടു... പിന്നെ ക്യാന്റീനില്‍ പോയി മസാല ദോശ കഴിച്ചു പിരിഞ്ഞു...

രാത്രി ഇരുന്ന് കുറച്ചു ബ്ലോഗ് വായിച്ചു... ഒരു കമന്റ് യുദ്ധം നടത്തി... പിന്നെ അത് വേണ്ടിയിരുന്നില്ലെന്നും വേണമായിരുന്നെന്നും തോന്നി... എല്ലാവരെയും അവരവരുടെ വിശ്വാസങ്ങളില്‍ ജീവിക്കാന്‍ വിടണമെന്നും അതല്ല സ്വന്തം അഭിപ്രായങ്ങള്‍ അതിനെതിരാണെങ്കിലും അല്ലെങ്കിലും അത് പ്രകടിപ്പിക്കണം എന്നും തോന്നി... മനസ്സില്‍ ഉണ്ടായ അടിപിടിയില്‍ രണ്ടാമത്തേത് ജയിച്ചു... പിന്നെ ഉറങ്ങി...

രാവിലെ എണീറ്റ്‌ ഏട്ടന് വേണ്ടി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വീട്ടില്‍ ആശാരിയെയും കൂട്ടി പോയി... മുന്‍വശത്തെ വാതിലില്‍ മണിച്ചിത്രപൂട്ട് പിടിപ്പിക്കാന്‍... മൂപ്പരെ സഹായിച്ചും ചായയും ചോറും മേടിച്ചു കൊടുത്തും ഇന്നത്തെ ദിവസമങ്ങട് പോയി...

Saturday, September 27, 2008

Day 23

രാവിലെ തന്നെ മുടിവെട്ടിക്കാന്‍ അങ്ങാടിയിലേക്ക് ഇറങ്ങി... സാധാരണ സുന്ദരേട്ടന്‍റെ അടുത്താണ് പോവാറ്... ഇന്നെന്തോ മൂപ്പര്‍ ഇതുവരെ തുറന്നിട്ടില്ല.. നേരെ സുബ്രമണ്യേട്ടന്‍റെ ബാര്‍ബര്‍ ഷോപ്പിലേക്ക് കയറി... ചെറുപ്പത്തില്‍ സ്വാമിയെട്ടന്‍റെ വീട്ടില്‍ പോയി കസേരയില്‍ ഇരുന്നാണ് മുടി വെട്ടിക്കാറുണ്ടായിരുന്നത്... മക്കളില്ലാത്ത മൂപ്പര്‍ ഞങ്ങള്‍ ചെല്ലുന്ന ദിവസം മുട്ടായിയും വാങ്ങിച്ചു വെച്ച് കാത്തിരിക്കും... കടയില്‍ പോയി തുടങ്ങിയത് എട്ടാം ക്ലാസ്സും കഴിഞ്ഞ ശേഷമാ... സ്വാമിയെട്ടന് ഇപ്പോഴും തിങ്കളാഴ്ച തന്നെ ആണ് ഒഴിവ്... അസോസിയേഷനുമായി ഉടക്കിലാണെന്നു തോന്നുന്നു....മാതൃഭുമി വായിച്ചു തീര്‍ത്തപ്പോഴേക്കും എന്‍റെ ഊഴം വന്നു... കത്രികയും ട്രിമ്മെറും ചീര്‍പ്പുമായി മൂപ്പര്‍ എന്‍റെ തലയില്‍ താജ് മഹാല്‍ പണിതു...

ചെറുപ്പം മുതലേ എനിക്കുണ്ടായിരുന്ന ഒരു സംശയം ഞാന്‍ അവിടെ വച്ചു തീര്‍ത്തു...
"നിങ്ങളുടെ മുടി നിങ്ങള്‍ തന്നെ ആണോ വെട്ടാറ്?"
"ഏയ്, ഞങ്ങളുടെ അസോസിയേഷനിലെ വേറെ ആരുടേലും കടയില്‍ പോകും... കാശൊന്നും കൊടുക്കേണ്ട കാര്യം ഇല്ല"... പൊട്ടത്തരം ആണ് ചോദിച്ചതെങ്കിലും സംശയം തീര്‍ന്നപ്പോള്‍ സമാധാനം ആയി...

ഫയര്‍ ഫോഴ്സുകാരന്‍ പ്രദീപ് ട്രെയിനിംഗ് കഴിഞ്ഞു നാട്ടില്‍ വന്നിട്ടുണ്ട്... കൊല്ലത്തെവിടെയോ ആണ് അവന്‍റെ പോസ്റ്റിങ്ങ്‌... അവനെ പോയി കാണണം... അനൂജിന്‍റെ വെബ് ഡിസൈനിംഗ് സംരംഭത്തിന് പറ്റിയ പേരുകള്‍ നിര്‍ദേശിക്കുകയും... സംസ്കൃതവും ഇംഗ്ലീഷും ചേര്‍ന്ന കുറെ പേരുകള്‍ മനസ്സിലുണ്ട്.. അവന്‍ ചേച്ചിയുടെ അടുത്ത് ആശുപത്രിയിലാണ്... അവനെ അമ്മാവാ എന്ന് വിളിക്കാന്‍ ഒരു കൊച്ചു പെണ്‍കുട്ടി കൂടി ഉണ്ടായിരിക്കുന്നു...

Friday, September 26, 2008

Day 22

കുളിച്ച് ഇന്നലെ പായ്ക്ക് ചെയ്തു വച്ച ബാഗും എടുത്ത് പുറത്തിറങ്ങി...രണ്ടു ദിവസമായി തകര്‍പ്പന്‍ പണി ആയിരുന്നു... ബ്ലോഗ് അവിടെത്തന്നെ ഉണ്ടോന്നു പോലും നോക്കാന്‍ ഒത്തില്ല. ഇന്നേതായാലും നേരത്തെ തന്നെ മുങ്ങി നാട്ടിലേക്ക് പോകും... ഉച്ചത്തെ ട്രെയിനിന്... നാട്ടില്‍ ചെന്ന ശേഷം ചെയ്യേണ്ട മുടി വെട്ടിക്കല്‍ മുതല്‍ തിരിച്ചു വരാന്‍ ടിക്കറ്റ് എടുക്കുന്നത് വരെ ഉള്ള ഓരോ കാര്യങ്ങള്‍ മനസ്സിലിട്ടു കറക്കി...

ഇന്നു വഴിയരികിലെ അമ്പലത്തില്‍ വേറെ ഏതോ കീര്‍ത്തനമാണ്... തമിഴായത് കൊണ്ട് ആലോചിച്ചു കഷ്ടപ്പെടേണ്ട കാര്യവും ഇല്ല... അത് ദൂരെയെങ്ങോ പോയി പ്രതിധ്വനിച്ച് എന്‍റെ വലത്തേ ചെവിട്ടില്‍ എത്തുന്നു... ആകാശം രണ്ടു ഭാഗങ്ങളായി കിടക്കുന്നു... ഒരു കടപ്പുറം പോലെ തോന്നി...ഒരു ഭാഗം നല്ല നീല... മറ്റേ ഭാഗം മേഘങ്ങളുടെ കൂട്ടം....

Tuesday, September 23, 2008

Day 21

4:30 pm

ഓഫീസില്‍ നിന്നും ഇറങ്ങി സഹമുറിയന്റെ കൂടെ റൂമിലേക്ക് നടന്നു... അവന്‍ പ്രൊജെക്ടില്‍ നിന്നും റിലീസ് ആയി... ഇനി ബെഞ്ചമിന്‍ ആയി ബെഞ്ചിലേക്ക്‌... എപ്പോ വേണമെങ്കിലും ഇറങ്ങി പോരാം... റൂമിലെത്തിയ എന്നെ പുട്ട് വാങ്ങിത്തരാം എന്ന പ്രലോഭനത്തില്‍ വീഴ്ത്തി സഹമുറിയന്‍ എന്നെയും കൂട്ടി ടൌണിലെ ഓള്‍ഡ് ബുക്സിലെക്ക് തെറിച്ചു... അവന് C++ ബുക്ക് വാങ്ങിക്കാന്‍...

വളരെ വലിയൊരു കളക്ഷന്‍ ആണ് ഇവിടത്തെ ഓള്‍ഡ് ബുക്സ്... കാലുകുത്തേണ്ട താമസം അന്ചെട്ടുപേര്‍ ഓടി വന്നു ഏത് ബുക്കാണ് വേണ്ടതെന്ന് ചോദിച്ചു പുറകെ കൂടും.. ബുക്ക് തിരഞ്ഞു നടക്കുമ്പോള്‍ എന്‍ജിനീയറിങ്ങിനു പഠിച്ച മിക്കവാറും എല്ലാ ബുക്കുകളും എന്നെ നോക്കി ചിരിക്കുന്നത് ഞാന്‍ കണ്ടു... കുറെ ഓര്‍മ്മകള്‍ എന്നെ പൊതിഞ്ഞു... എന്നെ രക്ഷിച്ച ആ പുസ്തകങ്ങളെ അവിടെ നിന്നും രക്ഷിക്കാന്‍ എനിക്ക് തോന്നി...

7:00 pm

ബുക്കുകള്‍ വാങ്ങിയ ശേഷം ടൌണിലെ പുട്ട് കിട്ടുന്ന ഹോട്ടെലിനെ ലക്ഷ്യമാക്കി നടന്നു... സഹമുറിയന് അവന്‍ അന്വേഷിച്ച ബുക്ക് തന്നെ കിട്ടി... ഞാന്‍ 'കൈറ്റ് റണ്ണറും' 'മോട്ടോര്‍സൈക്കിള്‍ ഡയറീസും' വാങ്ങിച്ചു... പൊറോട്ടയും സ്ടൂവും പുട്ടും കടലയും കഴിച്ച് റൂമിലേക്ക് തിരിച്ചു പിടിച്ചു...

6:40 am

ഓഫീസിലേക്കുള്ള ഊടുവഴിയിലെ അമ്പലത്തില്‍ കീര്‍ത്തനങ്ങള്‍ സ്പീക്കെറില്‍ പാടിക്കാന്‍ തുടങ്ങിയിരിക്കുന്നു... വലിയ ക്ഷേത്രമോന്നും അല്ല... ഒരു ചെറിയ കോവില്‍ മാത്രം... 'വെങ്കിടേശ്വര സുപ്രഭാതം' ആയിരുന്നു ഇന്നു പാടിക്കൊണ്ടിരുന്നത്...

Monday, September 22, 2008

Day 20

വാരാന്ത്യം മൊത്തം ഏകാന്തത. രണ്ടു ദിവസം മുഴുവന്‍ റൂമില്‍ തന്നെ... സഹമുറിയനും ബ്രദര്‍ സഹമുറിയനും നാട്ടിലേക്ക് രക്ഷപ്പെട്ടിരിക്കുന്നു... ചില സമയങ്ങളില്‍ എകാന്തതയെക്കാള്‍ രസമുള്ള വേറെ ഒന്നില്ല... പക്ഷെ വേണ്ടാന്നു വിചാരിക്കുമ്പോള്‍ കുറച്ച് ഏകാന്തത കൊണ്ടു തന്നാല്‍ അതില്‍പരം വൃത്തികേട്‌ വേറൊന്നില്ല... കുറെ നല്ല ഇംഗ്ലീഷ് സിനിമകള്‍ കണ്ടതും പാചകം ചെയ്തതും റൂം വൃത്തിയാക്കിയതും അല്ലാതെ ഗുണമുള്ള വേറൊന്നും ഉണ്ടായില്ല... പാചകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്‍റെ സംശയത്തിന് വരെ ഭയങ്കര ബലമാണെന്നു തോന്നി... ഗ്യാസ് തീരാറായിരിക്കുന്നു...വെള്ളത്തിന്‍റെ ടംബ്ലെര്‍ വാങ്ങിക്കാന്‍ തുടങ്ങി...

ശനിയാഴ്ച കുറച്ച് മദ്യസേവ ആവാമെന്ന് വിചാരിച്ചു... പിന്നെ കണ്ട്രോള്‍ ഉനെട്ന്നു കാണിക്കാന്‍ വേണ്ടെന്നു വച്ചു... എങ്കിലും പച്ചക്കറി വാങ്ങാന്‍ പോയപ്പോള്‍ കാന്തികബലതെപ്പോലെയോ ഗുരുത്വാകര്‍ഷണബലത്തെപ്പോലെയോ വിശേഷിപ്പിക്കാവുന്ന ഒരു മദ്യബലം, എന്നെ വൈന്‍ ഷോപ്പിന്‍റെ പടിയിലേക്ക് വലിച്ചടുപ്പിച്ചു... എന്‍റെ കണ്ട്രോളിന്റെ ഭാഗ്യം കൊണ്ട് അന്നവിടെ വോഡ്ക ഉണ്ടായിരുന്നില്ല...

വെള്ളത്തിന്‍റെ ടംബ്ലെര്‍ വാങ്ങിച്ചത് ഞായറാഴ്ച ഇരുന്ന് ആഘോഷിച്ചു... ഇടക്കിടക്ക് പോയി വെള്ളം കുടിച്ചു... ചായ കുടിക്കാന്‍ കേറിയ മലയാളി കടയില്‍ അവിടെ നിന്നു തന്നെ കിട്ടിയ കീറിയ പത്തു രൂപ കൊടുത്തു... അവന്‍ ഞാന്‍ കള്ളം പറയുകയാണെന്ന് പറഞ്ഞപ്പോള്‍ ദേഷ്യം അഭിനയിച്ച് ഇരുപതു രൂപ ഇട്ടുകൊടുത്ത് ഇറങ്ങി... തലേന്ന് അവന്‍ ആ നോട്ട് എനിക്ക് തന്നപ്പോള്‍ ഞാന്‍ ശ്രദ്ധിക്കേണ്ടാതായിരുന്നു... കുറ്റം എന്റെത് തന്നെ... ചെക്കന്‍ വേണ്ടാന്ന് പറഞ്ഞു പുറകെ വന്നെങ്കിലും ഞാന്‍ വാങ്ങിച്ചില്ല... ഒരു ചായകുടിക്കാരനെ നഷ്ടപ്പെടും എന്ന തോന്നലായിരിക്കും അവന്...

6:10 am

കസര്‍ത്തിനു ശേഷം കുളിക്കാന്‍ കേറി... കയ്യില്‍ നിന്നും വഴുതി ക്ലോസെറ്റിലേക്ക് ഡൈവ് ചെയ്ത സോപ്പിനെ അതിഭയങ്കരമായ റിഫ്ലെക്സോടെ ചാടിപ്പിടിച്ചു... കുളിക്കുമ്പോള്‍ വേറെ ആരെയും കൂടെ കൂട്ടാത്തതുകൊണ്ട് ആരും കണ്ടില്ല... ഞാന്‍ എന്നെ നോക്കി മനസ്സില്‍ കയ്യടിച്ചു... ഫോട്ടോയും എടുത്തു...

7:00 am

നടന്നു ഓഫീസില്‍ എത്താറായപ്പോള്‍, മൂന്നു മൈനകളെ കണ്ടു... മൂന്നു മൈനകളെ കണ്ടാല്‍ പലഹാരം കിട്ടുമെന്ന് ചെറുപ്പത്തില്‍ ബിജി പറയുമായിരുന്നു... മൈനശാസ്ത്രത്തില്‍ പണ്ടേ വിശ്വാസം ഇല്ലെങ്കിലും പലഹാരം പ്രതീക്ഷിച്ചു ഇരിക്കല്‍ ഒരു എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ്...