Friday, September 12, 2008

Day 12 : ഓണം

8:30 am

രാവിലെ തന്നെ എഴുന്നേറ്റു കുളിച്ച്, അച്ഛന്‍ വാങ്ങി തന്ന മുണ്ടും ഉടുത്ത് ഞാനും എന്‍റെ കൂടെ തന്നെ അമ്മേടെ വയറ്റീന്നു ചാടി ഇറങ്ങിയ മറ്റവനും കൂടി പൂക്കളം ഇടാന്‍ തുടങ്ങി... ഞാന്‍ പഠിച്ചിടത്തൊക്കെ പൂക്കള മത്സരത്തിനു ഞാന്‍ തന്നെയാ വരച്ചതെന്നും, ഇതും ഞാന്‍ തന്നെ വരക്കാം എന്നും പറഞ്ഞ് വര തുടങ്ങി... മറ്റവനും ചേട്ടനും ചേര്‍ന്ന് കുറെ കളിയാക്കിയെങ്കിലും പൂവൊക്കെ അരിഞ്ഞ് തന്നു... പൂക്കളം ഒരുവിധം തീര്‍ത്തു.. വല്യ കുഴപ്പം ഒന്നും ഇല്ല... തലേന്ന് വാങ്ങിയ ക്യാമറ എടുത്ത് ആക്രാന്തം തീര്‍ത്തു...

11:45 am

ബാല്‍കണിയില്‍ നിന്നും സൂം ചെയ്തു അപ്പുറത്തെ പറമ്പിലെ ഒരു ചെമ്പരത്തിയും ഗേറ്റിന്‍റെ മുകളില്‍ വീഴാന്‍ പാകത്തില്‍ തൂങ്ങി നില്‍ക്കുന്ന വെള്ളതുള്ളികളും ഫോട്ടോ എടുത്തപ്പോള്‍ ഒരു ചെറിയ ആശ്വാസം തോന്നി... അടുക്കളയില്‍ കടന്നു അമ്മയെ പായസം ഇളക്കാനും ഏലക്കായ പൊടിക്കാനും സഹായിച്ചു...

1:30 pm

ഉണ്ണാന്‍ ഇരുന്നു... അമ്മ ഒറ്റക്ക് എങ്ങനെ ഇത്രക്ക് സാധനങ്ങള്‍ തിന്നാന്‍ ഉണ്ടാക്കിയെന്നത് അതിശയിച്ചു... ചോറിനെ ഔട്ട് ഓഫ് ഫോക്കസ് ആക്കി വിഭവങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടും വാഴയില ഫുള്‍ ആയിട്ടും ഓരോ ഫോട്ടോകള്‍... തിന്നുകഴിഞ്ഞ് പായസം കുടിച്ചു കൊണ്ട് രണ്ടു സിനിമകള്‍ ചാനല്‍ മാറ്റി മാറ്റി കണ്ടു...

6:00 pm

വൈകീട്ട് അടുത്തുള്ള വീട്ടിലെ കുടുംബ ക്ഷേത്രത്തില്‍ പോയി വിളക്ക് വച്ചു... ചുറ്റുവിളക്ക് കത്തി നിക്കുന്നത് കാണാന്‍ നല്ല രസമാ.. അവിടെയും എന്‍റെ ക്യാമറ കുറെ വിയര്‍ത്തു...

11:00 pm

എന്‍റെ ആയുസ്സിലെ ഒരു ഓണം കൂടി വളരെ സുന്ദരമായി കടന്നുപോയി... ഓണത്തിന് വീട്ടില്‍ ഉണ്ടാവാന്‍ പറ്റുന്നത് ഭാഗ്യം തന്നെ... ആ ഭാഗ്യം കിട്ടാത്തവര്‍ക്ക് അടുത്ത കൊല്ലം അത് കിട്ടട്ടെ... അത് വിചാരിച്ച് എന്‍റേതു കട്ട് ചെയ്യല്ലേ ഈശ്വരാ...

No comments: