Tuesday, September 2, 2008

Day 2

ഇന്നലെ രാത്രി ഇരുന്ന് "ചിദംബര സ്മരണ" വായിച്ചു തീര്‍ത്തു... വായിച്ചു കഴിഞ്ഞപ്പോള്‍, നമ്മുടെയൊക്കെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ല എന്ന് തോന്നിപ്പോയി... അല്ലെങ്കിലും ഉറങ്ങുക, തിന്നുക, ഓഫീസില്‍ പോകുക എന്നിങ്ങനെ ചില ചെറിയ കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ജീവിതത്തിലൊക്കെ എന്ത് സംഭവിക്കാനാ...

9:20 am

ഉണര്‍ന്നിട്ടും കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാതെ ജനലിലൂടെ കാണുന്ന ആകാശത്തിന്‍റെ ചെറിയ കഷ്ണത്തെ നോക്കി വെറുതെ കിടന്നു... അപ്പുറത്തെ മുറിയില്‍ നിന്നും സഹമുറിയന്‍ നാട്ടിലുള്ള ഭാര്യയോട് ഫോണില്‍ സംസാരിക്കുന്നു... അവള്‍ പുതിയ ഫ്ലാറ്റിലേക്ക് മാറിയിരിക്കുന്നു... സാധനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ച ആണെന്ന് തോന്നുന്നു... പാവങ്ങള്‍... അഞ്ചു ദിവസങ്ങള്‍ നീണ്ട വിരഹവും, ബാക്കി രണ്ടു ദിവസങ്ങളില്‍ വീണു കിട്ടുന്ന രതിനിമിഷങ്ങളും...

12:50 pm

കുറച്ചു നേരത്തെ തന്നെ ഓഫീസിലേക്ക് പുറപ്പെട്ടു... റോഡില്‍, ഏതോ ലോറി ഇടിച്ചിട്ട ഒരു നായയുടെ ജഢം.. വളരെ ഫ്രെഷ് ആണ്.. ഇപ്പൊ ഇടിച്ച് ഇട്ടതേ ഉള്ളൂ... കന്നി മാസത്തിനു മുന്‍പ്, കൂട്ടിനു ഒരു പട്ടിയെ കിട്ടാഞ്ഞ് ലോറിക്ക് മുന്‍പില്‍ ചാടി ആത്മാഹുതി ചെയ്തതാവുമെന്നു ചിന്തിച്ചു മനസ്സില്‍ ചിരിച്ചു... അതൊരു മനുഷ്യന്‍ ആയിരുന്നെങ്കില്‍ അങ്ങനെ ചിന്തിക്കില്ലായിരുന്നല്ലോ എന്നാലോചിച്ചപ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നി...

1:15 pm

കമ്പനിയിലേക്കുള്ള റോഡിലെ കൊഴിഞ്ഞു വീണ ഇലകള്‍ ഒരു ചെറുപ്പക്കാരന്‍ ഇരുന്നു പെറുക്കുന്നു... സ്വയം മറന്നിരുന്നു ഏതോ ഒരു പാട്ടും പാടുന്നുണ്ട്... സ്ഥിരം കാണാറുള്ള ആ സായിപ്പ് നടന്നു വരുന്നു... അയാളുടെ ചെവിട്ടില്‍ എപ്പോഴും ഇയര്‍ ഫോണ്‍ ഉണ്ടാകും... ഫുട്ബോള്‍ ഹെഡ് ചെയ്തു ഗോള്‍ ആക്കുന്ന പോലെയാണ് മൂപ്പരുടെ നടത്തം... എന്‍റെ നടത്തം എന്ത് പോലെ ആണാവോ?... ഒരാള്‍ പുല്‍ത്തകിടി നനക്കുന്നു... നല്ല പച്ചപ്പുല്ലും അതിലെ വെള്ളവും കാണുമ്പോള്‍ അതില്‍ കിടന്നു ഉരുളാന്‍ തോന്നുന്നു...

ഒരു ചായ എടുത്ത്, ലിഫ്റ്റ് വേണ്ടാന്നു വെച്ചു നേരെ സ്റ്റെപ്പിലേക്ക് നടന്നു... ഞാന്‍ എന്തിനാണാവോ ഈ നട്ടുച്ചക്ക് ചായ കുടിക്കുന്നത്...

1 comment:

shery said...

സംഭ്ഹവം കൊള്ളാമല്ലോ.. നിർത്തരുത് ...ഇന്യും എഴുതണം..
(ഈ പോസ്റ്റ് കേരള ഇൻ സൈഡിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട് കെട്ടോ..)
സ്നേഹപൂർവ്വം..
ഷെറി.