5:30 am
അഞ്ചു മണിക്ക് എഴുന്നേറ്റ് കുളിച്ച് അരമണിക്കൂര്‍ കൊണ്ട് ബസ്റ്റോപ്പില്‍ എത്തി. അവിടെ ഒരു കാളവണ്ടി നിര്‍ത്തി ഇട്ടിരിക്കുന്നു... കാളക്കാരന്‍ ചായ കുടിക്കുന്നു... ഒരു ചായ കുടിച്ചാലോ എന്ന് തോന്നി.. അപ്പോഴേക്കും ബസ് വന്നു... ബസ്സില്‍ ആള് വളരെ കുറവായിരുന്നു... പുലര്‍ച്ചെ ആയതുകൊണ്ട് തണുത്ത കാറ്റ് മുഖത്ത് അടിച്ച് കൊണ്ടിരുന്നു... ഇന്നു ചെറുതിന്‍റെ പിറന്നാളാണ്... എന്റെ കൂടെ പഠിച്ച രണ്ടു സഹോദരിമാരില്‍ ഇളയതിന്‍റെ... എനിക്ക് ആരോടോ ഒരു ഇഷ്ടമുണ്ടെന്നു അവര്‍ക്ക് തോന്നിയിരുന്നു... കിട്ടിയാല്‍ തരക്കേടില്ല എന്ന ഒരു ഇഷ്ടമായിരുന്നു എനിക്കെങ്കിലും അവര്‍ കരുതി ഞാന്‍ കൊടുമ്പിരിക്കൊണ്ട പ്രേമത്തിലാണെന്നു... അവര്‍ക്ക് അത് അറിയണമെന്നുണ്ടായിരുന്നു... എനിക്കത് വേറെ ആരും അറിയണ്ട എന്ന ഒരു തോന്നലും... അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ അത് ചെറുത് തന്നെ ആണെന്ന് ഞാന്‍ പറഞ്ഞു... അവര്‍ എന്നോട് സംസാരിക്കുന്നത് കുറഞ്ഞു... എങ്കിലും ഞാന്‍ ഒന്നും തിരുത്തിയില്ല... അതോടെ ആ ചാപ്റ്റര്‍ ക്ലോസായി...
6:30 am
റെയില്‍വേ സ്റ്റേഷനില്‍ എത്തി... സാമാന്യം വലിയൊരു ക്യു ഉണ്ട്... നേരത്തെ ഇറങ്ങിയത് നന്നായി... ടിക്കെറ്റ് എടുത്ത് ഭക്ഷണം കഴിക്കാന്‍ അടുത്ത് തന്നെ ഉള്ള ഒരു ഹോട്ടലില്‍ കയറി... ഒരു സുന്ദരി കുട്ടിയും അവളുടെ അച്ഛനെന്നു തോന്നിക്കുന്ന ഒരാളും കഴിച്ചു കൊണ്ടിരിക്കുന്നു... വേറൊരു ടേബിളില്‍ ഏതോ കോളേജ് പിള്ളേരും... നേരെ ചെന്നു പെണ്‍കുട്ടിയുടെ ഓപ്പോസിറ്റ് ആയുള്ള ഒരു ടേബിളില്‍ ഇരുന്നു... പൂരിയും ചായയും പറഞ്ഞു... അവളെ നോക്കുന്നതിനിടയില്‍ രണ്ടു മൂന്നു തവണ അവള്‍ എന്നെ നോക്കി... വായ്നോട്ടം മോശമാണെന്ന് നമ്മുടെ കൂടെ നടക്കുന്ന കുട്ടിയെ വേറെ ഒരുത്തന്‍ നോക്കുന്നത് കാണുമ്പോഴേ മനസ്സിലാകൂ... എന്ത് ചെയ്യാം.. കണ്ട്രോള്‍ ചെയ്യാന്‍ പറ്റാത്ത സംഗതി ആണ്... പിന്നെ അവളെ നോക്കിയില്ല... ചെലപ്പോ അവള്‍ പിന്നെയും എന്നെ നോക്കിക്കാണും...
7:40 am
പത്രം വായിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ ട്രെയിന്‍ വന്നു... ബാഗ് ഒന്നും ഇല്ലാത്തതുകൊണ്ട് പെട്ടന്ന് കയറി ഇരുന്നു... കയറി കഴിഞ്ഞപ്പോള്‍ മനസ്സിലായി, സൈഡ് സീറ്റ് കിട്ടാനുള്ള ആക്രാന്തത്തില്‍ ഞാന്‍ കയറിയ കമ്പാര്‍ട്മെന്റ് 'കളര്‍ഫുള്‍' അല്ലെന്ന്.. എല്ലാം അമ്മച്ചിമാരാണ്... പിന്നെ നാടെത്തും വരെ പാട്ടും കേട്ട് ഇരുന്നു...
3:30 pm
ട്രെയിന്‍ ഇറങ്ങി, ചേട്ടച്ചാരുടെ ബൈക്കിന്റെ പുറകില്‍ വീടെത്തി... കുളി.. ഫോണ്‍ വിളികള്‍... കാറില്‍ കല്യാണ ചെക്കന്റെ വീട്ടിലേക്ക്...ഞങ്ങളും പിന്നെ കോളേജില്‍ പഠിക്കുമ്പോ ഞങ്ങള്‍ ഭക്ഷണം കഴിച്ച വീട് കം ഹോട്ടലിന്റെ ഉടമയും ഞങ്ങളില്‍ ഒരാളുമായ ബിജുവേട്ടനും... അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും ചെളിയടിച്ചും യാത്ര... വഴിയില്‍ ഒരു പള്ളിയില്‍ വെച്ച് കൂട്ടുകാരുടെ നോമ്പുതുറ... കുറെ ഈന്തപ്പഴവും ആപ്പിളും ഓറഞ്ചും അകത്താക്കി...
8:30 pm
തലേദിവസം കല്യാണവീട്ടില്‍ പ്രത്യേകിച്ച് പരിപാടികള്‍ ഒന്നും ഇല്ല... വേറെ കൂടെയുള്ള കൂട്ടുകാര്‍ രണ്ടുപേരും അടിക്കാത്തവര്‍ ആയിരുന്നത്കൊണ്ട് വെള്ളമടിക്കാന്‍ ബിജുവേട്ടന് കമ്പനി കൊടുക്കാന്‍ പോവേണ്ടി വന്നു... വീട്ടില്‍ തിരിച്ചു ചെല്ലേണ്ടതുകൊണ്ട് വേണ്ടാന്നു വിചാരിച്ചതായിരുന്നു... രണ്ടെണ്ണം അടിക്കേണ്ടി വന്നു... 8 PM ആയിരുന്നു സാധനം...കൂടെ ഉണ്ടായിരുന്ന ചെക്കന്റെ അമ്മാവനും അയാളുടെ ഫ്രെണ്ടിനും, ബിജുവേട്ടനെ ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുന്ന ആളാണെന്നു പരിചയപ്പെടുത്തി... തിരികെ ചെന്നു ബിജുവേട്ടന്‍ ചെക്കന്മാരോട് പറഞ്ഞു... "ഞാനും ഇപ്പൊ നിങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുന്ന ആളാണ് ട്ടോ..." ഉടനെ ഞാന്‍ പറഞ്ഞു..."നമ്മുടെയൊക്കെ PM" ... ബിജുവേട്ടന്‍ അത് തിരുത്തി... "8 PM"
12:30 am
യാത്രകള്‍ കൊണ്ട് നിറഞ്ഞ ആ ദിവസം കഴിഞ്ഞു... ഞാന്‍ ഉറങ്ങാന്‍ കിടന്നു...
Subscribe to:
Post Comments (Atom)
No comments:
Post a Comment