Tuesday, September 16, 2008

Day 16

5:20 am

രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു... പക്ഷെ പോകാന്‍ തോന്നുന്നില്ല... അഞ്ചു ദിവസം നാട്ടിലിരുന്നു കഴിഞ്ഞുപോയത്‌ അറിഞ്ഞേ ഇല്ല... ആറരയോടെ ബാഗും തൂക്കി ബസ്റ്റോപ്പിലേക്ക് നടന്നു... മഴ ഇപ്പൊ പെയ്യും എന്ന് തോന്നി... നല്ല തണുപ്പും... റോഡിലെതിയതും ബസ് കിട്ടി... പാലം കടക്കുമ്പോള്‍ കണ്ടു പുഴ കുത്തി ഒലിക്കുന്നത്... പാലത്തിന്‍റെ അടുത്ത് മാത്രമെ ഉള്ളൂ.. ഇന്നലെ ഫോട്ടോ എടുക്കാന്‍ കടവില്‍ വന്നപ്പോള്‍ അത്രക്ക് ഉണ്ടായിരുന്നില്ല... മഴ പെയ്തു തുടങ്ങി... കുറച്ചു തുള്ളികള്‍ എന്‍റെ കയ്യിന്‍റെ മുകളില്‍ വീണു... തണുത്ത് രോമങ്ങള്‍ എഴുന്നേറ്റു നിന്നു... ഇപ്പൊ ബസ്സില്‍ നിന്നു ഇറങ്ങി ഈ മഴ മുഴുവന്‍ കൊണ്ടാല്‍ നിനക്ക് ഒരാഴ്ചത്തേക്ക് കൂടി ലീവ് തരാം എന്ന് ആരേലും പറഞ്ഞാല്‍ അത്രക്കും സന്തോഷം വേറെ ഒന്നിനും ഉണ്ടാവില്ലെന്ന് തോന്നി...

8:15 am

ട്രെയിനില്‍ തിരക്ക് കുറവായിരുന്നെങ്കിലും സീറ്റിനുള്ള ഭാഗ്യം ഇല്ല... നേരെ മുകളിലത്തെ തട്ടില്‍ കയറി നോവല്‍ എടുത്ത് വായിക്കാന്‍ തുടങ്ങി... കുറച്ചു കഴിഞ്ഞു സീറ്റ് ഒഴിഞ്ഞപ്പോള്‍ താഴേക്ക് ചാടി... ഒരു ചെറിയ പെണ്‍കുട്ടിയും അവളെക്കാള്‍ ചെറിയ അനിയനും നോവലില്‍ നിന്നും തല പുറത്തിടാന്‍ കാരണമായി... പെണ്കുട്ടി എല്ലാറ്റിനും അച്ഛനെയും അമ്മയെയും അമ്മൂമ്മയെയും ശാസിക്കുന്നു... ചെറിയവന്‍ കളിപ്പാട്ടക്കാരനെ കണ്ട് അത് കിട്ടാന്‍ അച്ഛനോട് വാശി പിടിക്കുന്നു... എന്‍റെ ചിന്ത അപ്പോഴും ക്യാമറ എടുക്കാമായിരുന്നു എന്നും...

11:45 pm

അടുത്ത് വന്നിരുന്ന ഒരു വയസ്സായ ആള്‍ സാഹസികമായി ഞാന്‍ വായിക്കുന്ന നോവല്‍ ഏതെന്ന് മനസ്സിലാക്കിയെന്നു തോന്നുന്നു... "വി.കെ.എന്നിന്‍റെ വീടെവിടാണെന്ന് അറിയാമോ ?"... എനിക്കറിയില്ല.. അറിഞ്ഞിട്ട പ്രത്യേകിച്ച് കാര്യവും ഇല്ല... ഞാന്‍ എന്‍റെ അജ്ഞത തലയാട്ടി കാണിച്ചു.... "തിരുവില്ലാമല... ദാ ആ കാണുന്ന മലക്ക് അപ്പുറത്ത്"... മൂപ്പര്‍ ചൂണ്ടിക്കാണിച്ചു... ഞാന്‍ പിന്നെ ചെറിയ രീതിയില്‍ കുശലം അന്വേഷിച്ചു... മൂപ്പര്‍ സംസാരപ്രിയന്‍ അല്ലെന്നു കണ്ടപ്പോള്‍ വെറുതെ വിട്ടു....

2:20 pm

റൂമിലെത്തി, മുഖം കഴുകി ഡ്രസ്സ് മാറി... ടീമിലുള്ളവര്‍ക്ക് വേണ്ടി കൊണ്ട് വന്ന വറുത്തകായയും ശര്‍ക്കര ഉപ്പേരിയും എടുത്ത് കമ്പനിയിലേക്ക് വെച്ചുപിടിച്ചു...

3 comments:

saju said...

itra pettennu kazhinjo yatra

ഫസല്‍ ബിനാലി.. said...

നല്ല എഴുത്താണല്ലോ, എല്ലാം കുറച്ചുകൂടെ വിശദമായി എഴുതാമായിരുന്നൂ..

Mr. X said...

സജുജി, ഫസല്ജി... നന്ദി... വിശദമായിട്ട് എഴുതാന്‍ ശ്രമിക്കാം...